മകന് എതിരെ കേസ്; കോടിയേരിയെ പിന്തുണച്ച് സിപിഐഎം

മകന്‍ ബിനീഷ് കോടിയേരിക്ക് എതിരെയുള്ള ബംഗളൂരു മയക്കുമരുന്ന് കേസില്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ തള്ളിപ്പറയാതെ സിപിഐഎം. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പങ്കെടുത്ത സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം കോടിയേരിക്ക് പിന്തുണ നല്‍കി.
ബിനീഷിന്റെ വീട്ടിലെ റെയ്ഡില്‍ മനുഷ്യാവകാശലംഘനം ഉണ്ടായിട്ടുണ്ടെങ്കില്‍ കുടുംബം നിയമനടപടി സ്വീകരിക്കട്ടെ എന്നാണ് സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. മുഖ്യമന്ത്രി ഉള്‍പ്പെടെ സംസ്ഥാനത്ത് നിന്നുള്ള നാല് പൊളിറ്റ് ബ്യൂറോ അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും എകെജി സെന്ററിലെത്തി അവൈലബിള്‍ സെക്രട്ടേറിയറ്റില്‍ പങ്കെടുത്തു. വിഷയത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടില്‍ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി.
ബിനീഷിന്റേത് വ്യക്തിപരമായ പ്രശ്‌നമാണ്. പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ല. റെയ്ഡില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടായി എന്ന പരാതിയും സിപിഐഎം ചര്‍ച്ച ചെയ്തു. പരാതിയുണ്ടെങ്കില്‍ കുടുംബം തന്നെ നിയമനടപടി സ്വീകരിക്കട്ടെയെന്നും യോഗം നിലപാട് എടുത്തു. പാര്‍ട്ടിയോട് ആഭിമുഖ്യമുള്ള മുതിര്‍ന്ന അഭിഭാഷകരുമായി കോടിയേരി ബാലകൃഷ്ണന്‍ ആശയവിനിമയം നടത്തുന്നുണ്ട്. ഇതും പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ അല്ലെന്നും വ്യക്തിപരമാണെന്നുമാണ് നേതൃത്വം നല്‍കുന്ന വിശദീകരണം.
അതിനിടെ സിപിഐഎം നേതൃയോഗങ്ങള്‍ നാളെ തുടങ്ങും. അനാരോഗ്യം മൂലം കോടിയേരി ചുമതല കൈമാറുമെന്ന അഭ്യൂഹം ശക്തമാണ്. എന്നാല്‍ കോടിയേരിയോട് അടുത്ത കേന്ദ്രങ്ങള്‍ ഇക്കാര്യം തള്ളി.
Story Highlights – kodiyeri balakrishnan, bineesh kodiyeri, cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here