സംസ്ഥാനത്ത് കൊവിഡ് മുക്തി നേടിയവര്‍ക്കായി പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ ആരംഭിച്ചു

സംസ്ഥാനത്ത് കൊവിഡ് മുക്തി നേടിയവര്‍ക്കായി പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പോസ്റ്റ് കൊവിഡ് സിന്‍ഡ്രോം അവസ്ഥയുള്ളവരുടെ പരിശോധനകള്‍ക്കായുള്ള പ്രത്യേക സംവിധാനമാണീത്. എല്ലാ പ്രാഥമിക, സാമൂഹ്യ, കുടുംബ ആരോഗ്യകേന്ദ്രങ്ങളിലും വ്യാഴാഴ്ചകളില്‍ ഉച്ചയ്ക്ക് 12 മുതല്‍ 2 വരെയാണ് പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുക. താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും റഫറല്‍ ക്‌ളിനിക്കുകളും പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
കൊവിഡ് മാറുന്ന ആളുകളില്‍ രോഗസമയത്ത് ഉടലെടുത്ത വിഷമതകള്‍ മരണകാരണമായേക്കാം. ചിലരില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥയുണ്ടാകാനോ, ഹൃദയാഘാതത്തിലേയ്ക്ക് നയിക്കാനോ സാധ്യതയുണ്ടാകാം. അല്ലെങ്കില്‍ രോഗവുമായി പൊരുതുന്നതിന്റെ ഭാഗമായി ചില അവയവങ്ങളുടെ ശേഷി കുറയുകയും മരണത്തിന് കാരണമായിത്തീരുകയും ചെയ്യും. അവയവങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ കാരണമുണ്ടാകുന്ന അവശതകള്‍ ദീര്‍ഘകാലം നിലനില്‍ക്കുന്ന പോസ്റ്റ് കൊവിഡ് സിന്‍ഡ്രോം എന്ന അവസ്ഥ ചെറുതല്ലാത്ത ഒരു ശതമാനം ആളുകളിലും കാണുന്നുണ്ട്. അതിനാല്‍ മരണ നിരക്ക് കുറവാണെന്നു കരുതി രോഗത്തെ നിസാരവല്‍ക്കരിക്കാന്‍ ആരും തയാറാകരുത്.
കേസുകള്‍ കുറഞ്ഞു വരുന്ന പശ്ചാത്തലത്തിലും നമ്മുടെ ജാഗ്രത കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടാകേണ്ട പിന്തുണ നിര്‍ബാധം തുടരേണ്ടതാണ്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കാനും ബ്രേയ്ക്ക് ദ ചെയിന്‍ ക്യാമ്പെയ്ന്‍ കരുതലോടെ മുന്നോട്ടു കൊണ്ടുപോകാനും ശ്രദ്ധിക്കണം. കൊവിഡ് ബാധിച്ച ആളുകളുടെ എണ്ണത്തിന്റെ ഇരട്ടിയലധികം ആളുകളെ നമ്മുടെ മുന്‍കരുതലുകള്‍ കാരണം കൊവിഡ് വരാതെ കാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. നമ്മള്‍ ഓരോരുത്തരും കാണിക്കുന്ന ജാഗ്രത നിരവധി മനുഷ്യരുടെ ജീവനാണ് സുരക്ഷിതമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights – Post covid clinics started in kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here