ബാറ്റിംഗ് മറന്ന് വെലോസിറ്റി; ട്രെയിൽബ്ലേസേഴ്സിന് 48 റൺസ് വിജയലക്ഷ്യം

വിമൻസ് ടി-20 ചലഞ്ചിലെ രണ്ടാം മത്സരത്തിൽ വെലോസിറ്റിക്കെതിരെ ട്രെയിൽബ്ലേസേഴ്സിന് 48 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വെലോസിറ്റി 15.1 ഓവറിൽ 47 റൺസ് എടുക്കുന്നതിനിടെ ഓൾഔട്ടാവുകയായിരുന്നു. ഗംഭീരമായി പന്തെറിഞ്ഞ ട്രെയിൽബ്ലേസേഴ്സ് ബൗളർമാർ വെലോസിറ്റിയെ പിടിച്ചു കെട്ടുകയായിരുന്നു. 13 റൺസ് നേടിയ കൗമാര താരം ഷഫാലി വർമ്മയാണ് വെലോസിറ്റിയുടെ ടോപ്പ് സ്കോറർ. വെറും 3 താരങ്ങൾ മാത്രമാണ് രണ്ടക്കം കടന്നത്. ട്രെയിൽബ്ലേസേഴ്സിൻ്റെ സോഫി എക്സ്ലസ്റ്റൺ നാലു വിക്കറ്റ് വീഴ്ത്തി.

ലോക ഒന്നാം നമ്പർ ബൗളർ സോഫി എക്സ്ലസ്റ്റൺ തൻ്റെ ക്ലാസ് വെളിവാക്കിയ മത്സരമാണ് കഴിഞ്ഞത്. വിക്കറ്റ് നഷ്ടമില്ലാതെ 17 എന്ന നിലയിൽ നന്നായി തുടങ്ങിയ വെലോസിറ്റിക്ക് ജുലൻ ഗോസ്വാമിയുടെ വകയായിരുന്നു ആദ്യ ഷോക്ക്. മികച്ച രീതിയിൽ ബാറ്റ് ചെയ്തിരുന്ന ഷഫാലി (13) ക്ലീൻ ബൗൾഡായി. മൂന്നാം ഓവറിൽ ആദ്യ വിക്കറ്റ് നഷ്ടമായതിനു പിന്നാലെ വെലോസിറ്റിക്ക് തുടർച്ചയായി വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. നാലാം ഓവറിലാണ് സോഫി വിക്കറ്റ് വേട്ട ആരംഭിച്ചത്. മിതാലി രാജിലെ (1) വിക്കറ്റിനു മുന്നിൽ കുടുക്കിയ താരം വേദ കൃഷ്ണമൂർത്തിയെ (0) തൊട്ടടുത്ത പന്തിൽ ബൗൾഡാക്കി. ഡാനി വ്യാട്ട് (3) ഗോസ്വാമിയുടെ പന്തിൽ മന്ദനയുടെ കൈകളിൽ അവസാനിച്ചു. സുഷ്മ വർമ (1) സോഫിയുടെ പന്തിൽ ക്ലീൻ ബൗൾഡായി.

സുൻ ലൂസ് (4), സുശ്രീ ദിവ്യദർശിനി എന്നിവരെ രാജശ്രീ ഗെയ്ക്‌വാദ് മടക്കി. ശിഖ പാണ്ഡെ (10) റണ്ണൗട്ടായി. ഏക്താ ബിശ്റ്റിനെ (0) ദീപ്തി ശർമ്മ സ്വന്തം ബൗളിംഗിൽ പിടികൂടി. ജഹനാര ആലം (5) സോഫിയുടെ നാലാമത്തെ ഇരയായി മടങ്ങിയതോടെ വെലോസിറ്റിയുടെ ഇന്നിംഗ്സിനു തിരശീല വീണു. ലേ കാസ്പറക് (11) പുറത്താവാതെ നിന്നു.

Story Highlights womens t20 challenge velocity v trailblazers first innings

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top