വെട്രിവേൽ യാത്ര തമിഴ്നാട് പൊലീസ് തടഞ്ഞു; ബിജെപി സംസ്ഥാന പ്രസിഡന്റ് അടക്കം നിരവധി നേതാക്കൾ അറസ്റ്റിൽ

സംസ്ഥാന സർക്കാർ നിർദ്ദേശം ലംഘിച്ച് ബിജെപി നടത്തിയ വെട്രിവേൽ യാത്ര തമിഴ്നാട് പൊലീസ് തടഞ്ഞു. യാത്ര നയിച്ച സംസ്ഥാന പ്രസിഡൻ്റ് എൽ മുരുഗൻ അടക്കം നിരവധി ബിജെപി നേതാക്കൾ അറസ്റ്റിലായി. കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ, യാത്ര നടത്തുന്നത് അപകടകരമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഇത് വിലക്കിയത്. ഇത് ലംഘിച്ചതിനെ തുടർന്നാണ് പൊലീസ് നടപടി.
മുരുഗനോടൊപ്പം ബിജെപി നേതാക്കളായ എച്ച് രാജ, സിടി രവി, പൊൻ രാധാകൃഷ്ണൻ എന്നിവരും മറ്റ് നിരവധി ബിജെപി പ്രവർത്തകരും കസ്റ്റഡിയിലായിട്ടുണ്ട്. തിരുത്തണി ക്ഷേത്രത്തിന് സമീപം വെച്ചാണ് വെട്രിവേൽ യാത്ര തടഞ്ഞ് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
Read Also : വിജയ് രാഷ്ട്രീയത്തിലേക്കില്ല; പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്ന് ഔദ്യോഗിക സ്ഥിരീകരണം
ഇന്നു മുതൽ ഡിസംബർ 6 വരെയുള്ള കാലയളവിൽ ഒരു മാസത്തേക്ക് യാത്ര നടത്താനായിരുന്നു ബിജെപിയുടെ പദ്ധതി. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവും വോട്ട് ശേഖരണവുമായിരുന്നു യാത്രയുടെ പ്രധാന അജണ്ട. ഇത്തരത്തിൽ ഒരു യാത്ര നടത്തുന്നതു വഴി ഹിന്ദു വികാരം മുൻനിർത്തി വോട്ട് പിടിക്കാം എന്ന് ബിജെപി കരുതു. എന്നാൽ, യാത്ര നടത്തുന്നത് സംസ്ഥാനത്ത് വർഗീയ കലാപത്തിനുള്ള സാധ്യത ഉണ്ടാക്കുമെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇതോടൊപ്പം കൊവിഡ് പശ്ചാത്തലത്തിൽ ഇത്തരം ഒരു യാത്ര ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെപ്പറ്റിയും ചർച്ചകൾ ഉൻ്റായി. ഇതേ തുടർന്നാണ് സംസ്ഥാന സർക്കാർ യാത്രയ്ക്ക് അനുമതി നിഷേധിച്ചത്.
ഭഗവാൻ മുരുകനെ പ്രാർത്ഥിക്കണമെന്നും ഇത് ഭരണഘടനാപരമായ അവകാശമാണ് എന്നും നേരത്തെ എൽ മുരുഗൻ പറഞ്ഞിരുന്നു. എല്ലാവർക്കും ആരാധനയ്ക്ക് അവകാശമുണ്ട്. വെട്രിവേൽ യാത്രയ്ക്ക് ഭഗവാൻ മുരുകൻ അനുവാദം തന്നുകഴിഞ്ഞു. അതുകൊണ്ടു തന്നെ തിരുത്തണിയിലേക്കുള്ള യാത്ര നടത്തും. വെട്രിവേൽ യാത്രയുമായി മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Story Highlights – Vetrivel Yatra: Chennai police stop BJP workers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here