കോലിയെയല്ല, ആർസിബി ടീമിനെയാണ് മാറ്റേണ്ടത്; ഗംഭീറിൻ്റെ നിലപാട് തള്ളി സെവാഗ്

വിരാട് കോലിയെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റണമെന്ന മുൻ ദേശീയ താരം ഗൗതം ഗംഭീറിൻ്റെ നിലപാട് തള്ളി സഹതാരമായിരുന്ന വിരേന്ദർ സെവാഗ്. കോലിയെയല്ല, ആർസിബി ടീമിനെയാണ് മാറ്റേണ്ടതെന്ന് സെവാഗ് പറഞ്ഞു. ബാലൻസ്ഡ് ആയ ഒരു ടീം ഇല്ലാത്തതു കൊണ്ടാണ് ബാംഗ്ലൂരിന് ഐപിഎലിൽ കിരീടം നേടാൻ കഴിയാതെ പോയതെന്നും അദ്ദേഹം പറഞ്ഞു. ക്രിക്‌ബസിനോടായിരുന്നു സെവാഗിൻ്റെ പ്രതികരണം.
“ക്യാപ്റ്റൻ എന്നാൽ ടീം എങ്ങനെയാണ് എന്നതിനനുസരിച്ചാണ്. ഇന്ത്യയെ നയിക്കുമ്പോൾ കോലിക്ക് മികച്ച ഫലങ്ങൾ ഉണ്ടാക്കുന്നുണ്ട്. കളി ജയിക്കുന്നുണ്ട്. ഏകദിനവും ടി-20യും ടെസ്റ്റും ജയിക്കുന്നു. എന്നാൽ ആർസിബിയിലേക്ക് എത്തുമ്പോൾ ടീമിന് വേണ്ടത്ര പ്രകടനങ്ങൾ നടത്താൻ കഴിയുന്നില്ല. ഒരു മികച്ച ടീമിനെ ലഭിക്കുക എന്നത് ഒരു ക്യാപ്റ്റനെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ കാര്യമാണ്. അതുകൊണ്ട് തന്നെ ടീമിനെ എങ്ങനെ മെച്ചപ്പെടുത്താം എന്ന് മാനേജ്മെൻ്റ് ചിന്തിക്കുമെന്നാണ് ഞാൻ കരുതുന്നത്. മറ്റെല്ലാ ടീമുകൾക്കും ബാലൻസ്ഡായ ഒരു ബാറ്റിംഗ് നിരയുണ്ട്. എന്നാൽ, ബാംഗ്ലൂരിന് അതില്ല.”- സെവാഗ് പറഞ്ഞു.
Read Also : 8 കൊല്ലമായിട്ടും കപ്പില്ല; കോലി ആർസിബി ക്യാപ്റ്റൻ സ്ഥാനം രാജിവെക്കണം; ഗൗതം ഗംഭീർ
ബാംഗ്ലൂരിനായി ഡിവില്ല്യേഴ്സും കോലിയും മാത്രമാണ് മികച്ച പ്രകടനങ്ങൾ നടത്തുന്നതെന്നും സെവാഗ് നിരീക്ഷിച്ചു. ദേവ്ദത്തിനൊപ്പം ആർസിബിയ്ക്ക് മറ്റൊരു ഓപ്പണറെ കൂടി വേണം. ലോവർ ഓർഡറിലും ഒരു മികച്ച താരം വേണം. ഇന്ത്യൻ ബാറ്റ്സ്മാന്മാരിൽ വിശ്വാസം അർപ്പിക്കുകയും ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രോഫി ഇല്ലാതെ ഒരു ടൂർണമെൻ്റിൽ എട്ടു വർഷം എന്നത് നീണ്ട കാലയളവാണ് എന്നായിരുന്നു ഗംഭീറിൻ്റെ പരാമർശം. ഞാനാണ് ഉത്തരവാദി എന്ന് കൈകൾ ഉയർത്തി മുൻപോട്ട് വന്ന് കോലി പറയേണ്ടതുണ്ടെന്നും കോലി ക്യാപ്റ്റൻ സ്ഥാനം ഒഴിയണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Story Highlights – Sehwag backs Virat Kohli to stay on as RCB captain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here