അമ്പിളിക്കല കസ്റ്റഡി മരണം; ആറ് ജയില്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

തൃശൂരില്‍ യുവാവ് കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തില്‍ ആറ് ജയില്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് കേസിലെ പ്രതിയായ ഷമീര്‍ തൃശൂര്‍ അമ്പിളിക്കല കൊവിഡ് സെന്ററില്‍ റിമാന്‍ഡിലിരിക്കെയാണ് മരിച്ചത്.

ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് മുതല്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ വരെയുള്ള ജയില്‍ ഉദ്യോഗസ്ഥരാണ് അറസ്റ്റിലായിരിക്കുന്നത്. തൃശൂര്‍ ജില്ലാ ജയിലിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരായ വിവേക്, രമേശ്, പ്രദീപ്, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ സുഭാഷ്, അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ട് രാഹുല്‍ എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഷമീറിന് ക്രൂര മര്‍ദമേറ്റിരുന്നുവെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ശരീരത്തില്‍ നാല്‍പതിലേറെ മുറിവുകളുണ്ട്. തലയ്ക്ക് ക്ഷതമേറ്റിരുന്നു. വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും പൊട്ടിയിരുന്നു. ശരീരത്തിന്റെ പിന്‍ഭാഗത്ത് അടിയേറ്റ് രക്തം വാര്‍ന്ന് പോയിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

കഞ്ചാവ് കേസില്‍ പിടികൂടിയ തിരുവനന്തപുരം സ്വദേശി ഷമീറാണ് കൊവിഡ് സെന്ററില്‍ മരിച്ചത്. കൊവിഡ് സെന്ററില്‍ നിരീക്ഷണത്തിലിരിക്കെ ഷമീറിന് അപസ്മാരം വന്നുവെന്നും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചെന്നുമായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍ ഇത് കൂടെയുണ്ടായിരുന്ന പ്രതികള്‍ തള്ളിയിരുന്നു. ഷമീറിന് കൊവിഡ് സെന്ററില്‍ മര്‍ദനമേറ്റിരുന്നുവെന്ന് ഇവര്‍ വ്യക്തമാക്കിയിരുന്നു.

Story Highlights Ambilikala custody death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top