വീണ്ടും പരസ്യം പിൻവലിച്ച് തനിഷ്ക്; ഇത്തവണ തിരിച്ചടിച്ചത് ‘പടക്കങ്ങളില്ലാത്ത ദീപാവലി’

ഒരു പരസ്യം കൂടി പിൻവലിച്ച് പ്രമുഖ ജൂവലറി ബ്രാൻഡായ തനിഷ്ക്. പടക്കങ്ങളില്ലാതെ ദീപാവലി ആഘോഷിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന പരസ്യമാണ് കടുത്ത വിമർശനത്തെ തുടർന്ന് തനിഷ്ക് പിൻവലിച്ചത്. പരസ്യത്തിൽ അഭിനയിച്ച നീന ഗുപ്ത, സയാന ഗുപ്ത, അലയ എഫ്, നിംറത് കൗർ എന്നിവർക്കെതിരെയും കടുത്ത വിമർശനങ്ങൾ ഉയരുന്നുണ്ട്. ബോയ്കോട്ട് തനിഷ്ക് ഹാഷ്ടാഗ് സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ബിജെപി ദേശീയ ജനറൽ സെക്രട്ടറി സിടി രവി പരസ്യത്തെ വിമർശിച്ച് ട്വിറ്ററിലൂടെ രംഗത്തെത്തി. ‘എങ്ങനെ ആഘോഷിക്കണമെന്ന് ഹിന്ദുക്കളെ മറ്റുള്ളവർ പഠിപ്പിക്കുന്നത് എന്തിനാണ്? കമ്പനികൾ തങ്ങളുടെ ഉത്പന്നം വിറ്റഴിക്കുന്നതിൽ ശ്രദ്ധിക്കുക. പടക്കം പൊട്ടിക്കരുതെന്ന് ഞങ്ങളെ പഠിപ്പിക്കാതിരിക്കുക. ഞങ്ങൾ വിളക്ക് കത്തിക്കും, മധുരം വിളമ്പും, ഗ്രീൻ പടക്കങ്ങൾ പൊട്ടിക്കും’- സിടി രവി ട്വീറ്റ് ചെയ്തു.
മറ്റൊരു ബിജെപി നേതാവ് ഗൗരവ് ഗോയൽ, സിനിമാ സംവിധായകൻ വിവേക് അഗ്നിഹോത്രി തുടങ്ങിയവരൊക്കെ പരസ്യത്തിനെതിരെ രംഗത്തെത്തി. തങ്ങളെ പഠിപ്പിക്കാൻ തനിഷ്ക് ആരാണെന്നാണ് അവരുടെ ചോദ്യം.
കഴിഞ്ഞ മാസം മറ്റൊരു പരസ്യം കൂടി തനിഷ്ക് പിൻവലിച്ചിരുന്നു. ഭിന്നമത വിവാഹം പ്രമേയമാക്കി ചിത്രീകരിച്ച പരസ്യം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന് വിമർശനങ്ങൾ ഉയർന്നതിനെ തുടർന്നായിരുന്നു ഇത്. പിന്നീട് പരസ്യത്തിൻ്റെ പേരിൽ തനിഷ്ക് മാപ്പ് പറഞ്ഞിരുന്നു.
Story Highlights – Tanishq withdraws ad on cracker-free Diwali after calls for boycott on Twitter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here