ബിഹാര്‍ തെരഞ്ഞെടുപ്പ്; ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം മറികടന്ന് എന്‍ഡിഎ

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം മറികടന്ന് എന്‍ഡിഎ. ആദ്യ മണിക്കൂറുകളില്‍ മുന്നേറിയ മഹാസഖ്യം നാലില്‍ ഒന്ന് വോട്ട് എണ്ണിത്തീര്‍ന്നതോടെ പിന്നോട്ടു പോവുകയായിരുന്നു. അന്‍പതോളം മണ്ഡലങ്ങളില്‍ ഭൂരിപക്ഷം അഞ്ഞൂറിനും രണ്ടായിരത്തിനും ഇടയിലാണ്.

അതേസമയം, ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ജെഡിയു. ജനവിധി ഭരണത്തിനുള്ള അംഗീകാരമെന്നും ജെഡിയു സംസ്ഥാന അധ്യക്ഷന്‍ വസിഷ്ഠ നാരായണ്‍ സിംഗ് പറഞ്ഞു. ഒടുവില്‍ പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം എന്‍ഡിഎ സഖ്യം 125 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. എംജിബി സഖ്യം 109 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. എല്‍ജെപി ഒരു സിറ്റീലും മറ്റുള്ളവര്‍ ഒന്‍പതു സീറ്റിലും മുന്നിട്ടുനില്‍ക്കുന്നു.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. മത്സരിച്ച 70 സീറ്റുകളില്‍ 19 ഇടത്ത് മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലീഡ് നേടാനായത്. വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ മഹാസഖ്യമായിരുന്നു മുന്നില്‍. എന്നാല്‍ ഒരു മണിക്കൂറിന് ശേഷം എന്‍ഡിഎ ലീഡ് ഉയര്‍ത്തുകയായിരുന്നു. എന്‍ഡിഎ സഖ്യത്തില്‍ ബിജെപിക്കാണ് മുന്നേറ്റം.

അതേസമയം, ബിഹാറില്‍ അന്തിമ തെരഞ്ഞെടുപ്പ് ഫലം വരാന്‍ അര്‍ധരാത്രി വരെ കാത്തിരിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. 4.10 കോടി വോട്ടുകളില്‍ ഒരു കോടി വോട്ടുകളാണ് എണ്ണി തീര്‍ന്നത്. ഇവിഎം എണ്ണം വര്‍ധിപ്പിച്ചതിനാലാണ് വോട്ടെണ്ണല്‍ വൈകുന്നതെന്ന് എച്ച്ആര്‍ ശ്രീനിവാസ് പറഞ്ഞു. വോട്ടെണ്ണല്‍ പ്രക്രിയയ്ക്ക് മറ്റ് തടസങ്ങളൊന്നും ഇല്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.

Story Highlights bihar election result

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top