Advertisement

പന്തിനും അയ്യരിനും ഫിഫ്റ്റി; തുടക്കത്തിലെ തകർച്ചയിൽ നിന്ന് കരകയറി ഡൽഹി: ഐപിഎൽ കിരീടം നേടാൻ മുംബൈക്ക് 157 റൺസിന്റെ വിജയലക്ഷ്യം

November 10, 2020
2 minutes Read
ipl final mi dc

ഐപിഎൽ 13ആം സീസൺ ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസിന് 157 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഡൽഹി 7 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 156 റൺസ് നേടിയത്. തുടക്കത്തിൽ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ട് പതറിയ ഡൽഹിയെ നാലാം വിക്കറ്റിൽ ഋഷഭ് പന്തും ശ്രേയാസ് അയ്യരും ചേർന്ന് പടുത്തുയർത്തിയ 96 റൺസാണ് കരകയറ്റിയത്. 65 റൺസെടുത്ത് പുറത്താവാതെ നിന്ന ശ്രേയാസ് അയ്യരാണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. ഋഷഭ് പന്ത് 56 റൺസ് നേടി. മുംബൈക്കായി ട്രെൻ്റ് ബോൾട്ട് 3 വിക്കറ്റ് വീഴ്ത്തി.

Read Also : ഐപിഎലിൽ ഇന്ന് കലാശപ്പോര്: അഞ്ചാം കിരീടത്തിനായി മുംബൈ; കന്നിക്കിരീടത്തിനായി ഡൽഹി

തകർച്ചയോടെയാണ് ഡൽഹി ഇന്നിംഗ്സ് ആരംഭിച്ചത്. ആദ്യ പന്തിൽ തന്നെ മാർക്കസ് സ്റ്റോയിനിസ് പുറത്തായി. സ്റ്റോയിനിസിനെ ട്രെൻ്റ് ബോൾട്ട് ക്വിൻ്റൺ ഡികോക്കിൻ്റെ കൈകളിൽ എത്തിക്കുകയായിരുന്നു. തൻ്റെ അടുത്ത ഓവറിൽ രഹാനെയെയും (2) ബോൾട്ട് പുറത്താക്കി. താരവും ഡികോക്കിനു പിടികൊടുത്താണ് മടങ്ങിയത്. നന്നായി കളിച്ചുകൊണ്ടിരുന്ന ശിഖർ ധവാൻ (15) ജയന്ത് യാദവിൻ്റെ പന്തിൽ ക്ലീൻ ബൗൾഡായി മടങ്ങിയതോടെ ഡൽഹി പതറി.

3.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 22 റൺസ് എന്ന നിലയിലാണ് പന്ത്-അയ്യർ സഖ്യം ഒത്തുചേർന്നത്. വിക്കറ്റ് നഷ്ടപ്പെട്ടിട്ടും ആക്രമിച്ചു കളിച്ച ഇരുവരും അനായാസം ഡൽഹി സ്കോർബോർഡ് ചലിപ്പിച്ചു. ഋഷഭ് പന്ത് തൻ്റെ പഴയ ഫോമിലെത്തിയതോടെ അയ്യർ സെക്കൻഡ് ഫിഡിലിൻ്റെ റോളിലേക്ക് മാറി. തുടർച്ചയായി ബൗണ്ടറികൾ കണ്ടെത്തിയ പന്ത് 35 പന്തുകളിൽ സീസണിലെ ആദ്യ ഫിഫ്റ്റി കണ്ടെത്തി. 15ആം ഓവറിൽ നതാൻ കോൾട്ടർനൈലാണ് പന്തിനെ പുറത്താക്കിയത്. 38 പന്തുകളിൽ 56 റൺസ് നേടി പുറത്തായ പന്ത് അയ്യരുമായി നാലാം വിക്കറ്റിൽ 96 റൺസും കൂട്ടിച്ചേർത്തിരുന്നു.

Read Also : 200 ഐപിഎൽ മത്സരങ്ങൾ; നേട്ടം കുറിയ്ക്കുന്ന രണ്ടാമത്തെ താരമായി രോഹിത് ശർമ്മ

പൊരുതിക്കളിച്ച അയ്യർ 40 പന്തുകളിൽ ഫിഫ്റ്റി തികച്ചു. ആറാം നമ്പറിലെത്തിയ ഷിംറോൺ ഹെട്‌മെയർ (5) വേഗം പുറത്തായി. ഹെട്‌മെയറെ ട്രെൻ്റ് ബോൾട്ട് കോൾട്ടർനൈലിൻ്റെ കൈകളിൽ എത്തിക്കുകയായിരുന്നു. അവസാന ഓവറിൽ അക്സർ പട്ടേലിനെ (9) കോൾട്ടർനൈൽ സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർ അനുകുൾ റോയിയുടെ കൈകളിൽ എത്തിച്ചു. കഗീസോ റബാഡ (0) അവസാന പന്തിൽ റണ്ണൗട്ടായി. അവസാന ഓവറുകളിൽ നന്നായി പന്തെറിഞ്ഞ മുംബൈ ബൗളർമാർ ഡൽഹിയെ 160നു താഴെ ഒതുക്കുകയായിരുന്നു. കളി അവസാനിക്കുമ്പോൾ ശ്രേയാസ് അയ്യർ (65) പുറത്താവാതെ നിന്നു.

Story Highlights -mumbai indians vs delhi capitals ipl final first innings

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top