ഐപിഎലിൽ ഇന്ന് കലാശപ്പോര്: അഞ്ചാം കിരീടത്തിനായി മുംബൈ; കന്നിക്കിരീടത്തിനായി ഡൽഹി

ഐപിഎൽ 13ആം സീസണിൽ ഇന്ന് ഫൈനൽ. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും തമ്മിലാണ് മത്സരം. അഞ്ചാം കിരീടം ലക്ഷ്യമാക്കി മുംബൈ ഇറങ്ങുമ്പോൾ ഡൽഹി ആദ്യ കിരീടം ചൂടാമെന്ന പ്രതീക്ഷയോടെയാണ് ഡൽഹി കളത്തിലിറങ്ങുക. ഇന്ത്യൻ സമയം രാത്രി 7.30ന് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.
തുടർച്ചയായ രണ്ടാം കിരീടവും ആകെ അഞ്ചാം കിരീടവും. മുംബൈ ലക്ഷ്യമിടുന്നത് അതാണ്. അതിനു കരുത്തുള്ള ടീമും മുംബൈക്കുണ്ട്. രോഹിത് ശർമ്മയെ മാറ്റി നിർത്തിയാൽ മുംബൈ ഇന്ത്യൻസിൽ വീക്ക് പോയിൻ്റുകൾ കുറവാണ്. തേർഡ് സീമർ, സ്പിന്നർമാർ എന്നീ മേഖലകളും ദുർബലമാണെങ്കിലും രോഹിതിൻ്റെ ഫോമാണ് ആശങ്ക. ക്വിൻ്റൺ ഡികോക്ക്, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഹർദ്ദിക് പാണ്ഡ്യ, കീറോൺ പൊള്ളാർഡ് എന്നിങ്ങനെ ഏറെ കരുത്തുറ്റ ബാറ്റിംഗ് നിരയും ട്രെൻ്റ് ബോൾട്ട്, ജസ്പ്രീത് ബുംറ എന്നീ ശക്തമായ പേസ് ദ്വയവുമാണ് മുംബൈയെ ചാമ്പ്യൻ ടീമാക്കി മാറ്റുന്നത്. മൂന്നാം സീമറായി ജെയിംസ് പാറ്റിസണെയും നതാൻ കോൾട്ടർനൈലിനെയും പരീക്ഷിച്ചു എങ്കിലും അതത്ര വിജയിച്ചിട്ടില്ല. രാഹുൽ ചഹാർ കഴിഞ്ഞ സീസണിലെ ഫോമിൽ എത്തിയിട്ടില്ല. കൃണാൽ പാണ്ഡ്യയും മികച്ച പ്രകടനങ്ങൾ നടത്തിയിട്ടില്ല. എങ്കിലും മുംബൈയുടെ കരുത്തിന് വലിയ കുറവൊന്നും ഇല്ല.
തുടക്കത്തിലെ കുതിപ്പിനും ഒടുക്കത്തിലെ കിതപ്പിനും ഇടയിൽ ഡൽഹി പ്ലേഓഫിൽ ബുദ്ധിമുട്ടി കയറിക്കൂടുകയായിരുന്നു. എലിമിനേറ്ററിൽ മുംബൈക്കെതിരെ തന്നെ തകർന്നടിഞ്ഞ ഡൽഹി പക്ഷേ, ക്വാളിഫയറിൽ ഹൈദരാബാദിനെ തകർത്തു കളഞ്ഞു. മാർക്കസ് സ്റ്റോയിനിസ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത് വലിയ കരുത്താണ് അവർക്ക് നൽകിയത്. ശിഖർ ധവാൻ ഫോമിലേക്ക് തിരികെയെത്തിയത് ആശ്വാസമാണ്. ഹെട്‌മെയറിൻ്റെ കഴിവും കഴിഞ്ഞ കളിയിൽ കണ്ടു. ശ്രേയാസ് അയ്യർ, ഋഷഭ് പന്ത്, അജിങ്ക്യ രഹാനെ എന്നിവരൊക്കെ ഫോം ഔട്ടാണെന്നത് ഡൽഹിയ്ക്ക് തലവേദനയാണ്. കഗീസോ റബാഡ, ആൻറിച് നോർക്കിയ, ആർ അശ്വിൻ, അക്സർ പട്ടേൽ എന്നിവർ അടങ്ങുന്ന ബൗളിംഗ് നിര വൈവിധ്യം കൊണ്ട് മുംബൈയെക്കാൾ മികച്ച യൂണിറ്റ് എന്ന് പറയേണ്ടി വരും. അപ്പോഴും പവർപ്ലേയിൽ റബാഡയുടെ മോശം പ്രകടനവും നോർക്കിയയുടെ അസ്ഥിരതയും അവർക്ക് തിരിച്ചടിയാണ്. ഹൈദരാബാദിനെതിരെ സ്റ്റോയിനിസിന് ഓപ്പണിംഗ് റോൾ നൽകിയത് വിജയിച്ചു എങ്കിലും ബോൾട്ടും ബുംറയും അടങ്ങുന്ന മുംബൈ പേസ് ബാറ്ററിയ്ക്ക് മുന്നിലേക്ക് അദ്ദേഹത്തെ അവതരിപ്പിക്കുമോ എന്നത് കണ്ടറിയണം. കാരണം, പവർപ്ലേയിൽ സ്റ്റോയിനിസ് പുറത്തായാൽ പരുങ്ങലിലാവുക മധ്യനിരയാവും. എന്തായാലും ഇന്നത്തെ ഡൽഹി ബാറ്റിംഗ് ഓർഡർ പ്രവചനാതീതമാണ്.
മുൻപ് സീസണിൽ മൂന്ന് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോഴും മുംബൈക്കായിരുന്നു ജയം. ലീഗിൽ രണ്ട് തവണയും എലിമിനേറ്ററിലും മുംബൈ ഡൽഹിയെ കീഴ്പ്പെടുത്തി. കഴിഞ്ഞ സീസണിൽ ചെന്നൈക്കെതിരെയും മുംബൈക്ക് ഇതേ റെക്കോർഡ് ഉണ്ടായിരുന്നു. സീസ ൻ ഫൈനലിൽ വീണ്ടും മുംബൈ-ചെന്നൈ ഏറ്റുമുട്ടി. ആ കളിയിലും ജയിച്ച് മുംബൈ ചാമ്പ്യന്മാരുമായി. ഈ സീസണിലും അത് ആവർത്തിക്കുമോ എന്നതാണ് ചോദ്യം. അത് ആവർത്തിക്കാതിരിക്കാൻ കെല്പുള്ള ടീമാണ് ഡൽഹി എന്നതാണ് ഉത്തരം. കണ്ടറിയാം.
Story Highlights – mumbai indians vs delhi capitals ipl final preview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here