Advertisement

ബിഹാറിൽ നാടകീയ നീക്കങ്ങൾ; വോട്ടെണ്ണലിൽ ക്രമക്കേട് ആരോപിച്ച് ആർജെഡിയും കോൺഗ്രസും

November 11, 2020
Google News 1 minute Read

ഉദ്വേഗജനകമയ വോട്ടെണ്ണലിന് ശേഷവും നാടകീയ നീക്കങ്ങൾക്ക് സാക്ഷ്യംവഹിക്കുകയാണ് ബിഹാർ. വോട്ടെണ്ണലിൽ ക്രമക്കേട് ആരോപിച്ച് ആർജെഡിയും മൂന്ന് മണ്ഡലങ്ങളിൽ വീണ്ടും വോട്ടെണ്ണണമെന്ന ആവശ്യവുമായി സിപിഐ(എംഎൽ)ഉം രംഗത്ത് വന്നു.

എക്‌സിറ്റ്‌പോൾ ഫലങ്ങളെ തള്ളുന്ന സ്വഭാവം ബിഹാർ വീണ്ടും ആവർത്തിച്ചു. പ്രതീക്ഷയോടെ അർദ്ധ രാത്രിവരെ കാത്തിരുന്ന പ്രതിപക്ഷ സഖ്യത്തിന്റെ ക്യാമ്പിൽ ഇത് കടുത്ത നിരാശ പടർത്തി. 500 ൽ താഴെ വോട്ടുകൾക്ക് പരാജയം ഉണ്ടായ മണ്ഡലങ്ങളിൽ രണ്ടാമത് എത്തിയ സ്ഥാനാർത്ഥികളെല്ലാം വോട്ടെണ്ണൽ വീണ്ടും ആവശ്യപ്പെട്ട് രംഗത്ത് എത്തിയിട്ടുണ്ട്. 12 സീറ്റുകളിലെ വോട്ടെണ്ണലിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ആർ.ജെ.ഡി.യും കോൺഗ്രസും ആരോപിച്ചു. വിജയിച്ച ശേഷം സർട്ടിഫിക്കറ്റിന് വേണ്ടി കാത്തിരിക്കുന്ന സമയത്താണ് തങ്ങൾ പരാജയപ്പെട്ടതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതർ അറിയിച്ചത് ക്രമക്കേടിന്റെ തെളിവാണെന്നാണ് ആർജെഡിയുടെ ആരോപണം. പരാതിയുമായി ആർജെഡിയും കോൺഗ്രസും സിപിഐ(എംഎൽ)ഉം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തു. രാത്രി ഒരു മണിയോടെ വാർത്താ സമ്മേളനം നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷൻ ആരോപണങ്ങൾ തള്ളിക്കളയുകയും വോട്ടണ്ണൽ പൂർത്തിയായതായി വ്യക്തമാക്കുകയും ചെയ്തു.

പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയ സാഹചര്യത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകാൻ പ്രതിപക്ഷ സഖ്യം തിരുമാനിച്ചു. സുപ്രിംകോടതിയിൽ തന്നെ ഹർജി സമർപ്പിക്കാനാണ് തീരുമാനം. മറുവശത്ത് എൻ.ഡി.എ സഖ്യം സർക്കാർ രൂപീകരണ നീക്കങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി അധ്യക്ഷൻ ജെപി നദ്ദയും സംസ്ഥാനത്തെ എൻ.ഡി.എ പ്രവർത്തകരെ അഭിനന്ദിച്ച് രംഗത്ത് എത്തിയത് പ്രതിപക്ഷ സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണങ്ങൾക്ക് തടയിടാനാണ്. ഇന്ന് തന്നെ എൻ.ഡി.എ ഗവർണറെ സന്ദർശിച്ച് സർക്കാർ രൂപീകരണ അവകാശവാദം ഉന്നയിക്കും. ഇന്നലെ രാത്രിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി നിതീഷ് കുമാറുമായി ടെലഫൊണിൽ ചർച്ച നടത്തി.

Story Highlights RJD, Bihar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here