ക്രിക്കറ്റ് മാമാങ്കം അവസാനിച്ചു; ഇനി കാല്പന്ത് ദിനങ്ങൾ: ഐഎസ്എലിലേക്ക് ഇനി 9 ദിവസം

isl starts 20th november

ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കാൻ ഇനി 9 ദിവസങ്ങൾ. ഈ മാസം 20ആം തിയതിയാണ് ഐഎസ്എൽ ആരംഭിക്കുക. കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഗോവയിലാണ് ഇത്തവണ മത്സരങ്ങൾ നടക്കുക. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എടികെ മോഹൻ ബഗാനെ നേരിടും. 2021 ജനുവരി 11നാണ് അവസാന ഗ്രൂപ്പ് മത്സരം. ഈസ്റ്റ് ബംഗാൾ കൂടി ഈ സീസണിൽ ഉൾപ്പെട്ടതോടെ 9 ക്ലബുകളാണ് ഇക്കൊല്ലം പോരടിക്കുക.

കടലാസിൽ കരുത്തരായ ടീമുമായാണ് ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുക. പരിശീലകൻ അടക്കം ബ്ലാസ്റ്റേഴ്സ് ഇക്കൊല്ലം മികച്ച രീതിയിൽ തയ്യാറെടുത്തിട്ടുണ്ട്. കരോളിസ് സ്കിൻകിസിനെ സ്പോർട്ടിംഗ് ഡയറക്ടറായി നിയമിച്ചതിൻ്റെ ഗുണം സൈനിങ്ങുകളിൽ കാണാനായി. സീസണിലെ ഏറ്റവും മൂല്യമേറിയ ടീമായി ബ്ലാസ്റ്റേഴ്സ് മാറിയതും അതുകൊണ്ടാണ്. പ്രീസീസൺ മത്സരങ്ങളിലെ മികച്ച പ്രകടനം അതിനുള്ള ഉദാഹരണമാണ്. കഴിഞ്ഞ ദിവസം ഈസ്റ്റ് ബെംഗാളിനെതിരെ പരാജയപ്പെട്ടെങ്കിലും വിദേശ താരങ്ങൾ രണ്ടാം പകുതിയിൽ മാത്രമാണ് കളിച്ചത് എന്നത് ആശ്വാസമാണ്.

ഫക്കുണ്ടോ പെരേര, ഗാരി ഹൂപ്പർ, ജോർഡൻ മുറേ എന്നീ മുന്നേറ്റനിരക്കാർ യൂറോപ്യൻ ലീഗുകളിൽ അടക്കം കളിച്ച് തെളിയിച്ച താരങ്ങളാണ്. പെരേരയെ മധ്യനിരയിലും മുന്നേറ്റ നിരയിലും ഉപയോഗിക്കാനാവും. കളിച്ച ലീഗുകളിലെല്ലാം മികച്ച പ്രകടനം നടത്തിയ ഗാരി ഹൂപ്പർക്കൊപ്പം 25കാരൻ സ്ട്രൈക്കർ ജോർഡൻ മുറേയും ചേരുമ്പോൾ ബ്ലാസ്റ്റേഴ്സിന് മുന്നേറ്റത്തിൽ വൈവിധ്യവും പരിചയസമ്പത്തും ഉണ്ട്.

സ്പാനിഷ് ക്ലബുകളിൽ ബൂട്ടണിഞ്ഞിട്ടുള്ള വിസൻ്റെ ഗോമസ് നയിക്കുന്ന മധ്യനിരയും സമ്പന്നമാണ്. സെർജിയോ സിഡോഞ്ച മാത്രമാണ് മധ്യനിരയിലെ മറ്റൊരു വിദേശ സാന്നിധ്യം. സഹൽ, രാഹുൽ, പ്രശാന്ത്, അർജുൻ, ജീക്സൺ, സെയ്ത്യസെൻ, നോങ്ദാംബ, റിത്വിക് തുടങ്ങി മികച്ച ഇന്ത്യൻ യുവതാരങ്ങളും മധ്യനിരയിൽ ഇറങ്ങും. ഓപ്ഷനുകൾ ഒരുപാടുണ്ട്.

യൂറോപ്പ ലീഗിലും ചാമ്പ്യൻസ് ലീഗിലും ബൂട്ടണിഞ്ഞ, ഫ്രഞ്ച് ലീഗിലെ പ്രമുഖ ടീമായ ലിയോണിൽ 89 മത്സരങ്ങൾ കളിച്ച ബക്കാരി കോനേയാണ് പ്രതിരോധത്തിലെ ഗ്ലാമർ പേര്. ചെക്ക്, പോളിഷ് ക്ലബുകളിൽ കളിച്ച കോസ്റ്റക്കൊപ്പം കഴിഞ്ഞ സീസണിൻ്റെ കണ്ടെത്തൽ ജെസൽ കാർനീറോയും നിഷു കുമാറും കൂടി ചേരുമ്പോൾ പ്രതിരോധം കരുത്തുറ്റതാവുന്നു. ലാൽറുവത്താര, അബ്ദുൽ ഹക്കു എന്നിവരിൽ മികച്ച ബെഞ്ച് സ്ട്രെങ്തും കണ്ടെത്താം.

ആൽബീനോ ഗോമസ്, ബിലാൽ ഖാൻ എന്നിങ്ങനെ മികച്ച ഗോൾ കീപ്പർമാരും ബ്ലാസ്റ്റേഴ്സിനുണ്ട്. ഈസ്റ്റ് ബംഗാളിനെ ഐലീഗ് ചാമ്പ്യന്മാരാക്കിയ കിബു വിക്കൂനയാണ് പരിശീലകൻ.

Story Highlights isl starts from 20th november

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top