Advertisement

സംസ്ഥാനത്ത് ആകെ കൊവിഡ് രോഗികള്‍ അഞ്ച് ലക്ഷം കടന്നു; ജീവന്റെ വിലയുള്ള ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി

November 11, 2020
Google News 2 minutes Read

സംസ്ഥാനത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം അഞ്ചു ലക്ഷം (5,02,719) കഴിയുമ്പോള്‍ ജീവന്റെ വിലയുള്ള ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. കഴിഞ്ഞ സെപ്റ്റംബര്‍ 11നാണ് ആകെ രോഗികളുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞത്. കേവലം രണ്ട് മാസം കൊണ്ടാണ് രോഗികളുടെ എണ്ണം അഞ്ച് ലക്ഷമായത്. ആകെ രോഗികളുടെ എണ്ണം അഞ്ച് ലക്ഷം കഴിഞ്ഞപ്പോഴും രോഗ മുക്തരുടെ എണ്ണം 4,22,410 ആണ്. ഇനി ചികിത്സയിലുള്ളത് 78,420 പേരാണ്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നപ്പോഴും മരണ സംഖ്യ 1771 മാത്രമെന്നത് ആശ്വാസം നല്‍കുന്നതാണ്. മറ്റ് സ്ഥലങ്ങളില്‍ ഉയര്‍ന്ന മരണനിരക്കുള്ളപ്പോള്‍ കേരളത്തിലെ മരണ നിരക്ക് 0.35 ആണ്. രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നെങ്കിലും ജാഗ്രത തുടരേണ്ടതാണ്. ഈ തീര്‍ത്ഥാടന കാലത്തും തെരഞ്ഞെടുപ്പുകാലത്തും ഒട്ടും അലംഭാവം പാടില്ലെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ 10 മാസക്കാലമായി കൊവിഡിനെതിരായ പ്രതിരോധത്തിലാണ് സംസ്ഥാനം. ഇന്ത്യയിലാദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് 2020 ജനുവരി 30ന് ചൈനയിലെ വുഹാനില്‍ നിന്നും വന്ന ഒരു വിദ്യാര്‍ത്ഥിയിലൂടെ കേരളത്തിലാണ്. എന്നാല്‍ മറ്റ് പല സംസ്ഥാനത്തും രോഗബാധ കുതിച്ചുയര്‍ന്നപ്പോഴും പിടിച്ച് നില്‍ക്കാന്‍ നമുക്കായി. ആദ്യ ഘട്ടത്തില്‍ 3 കേസുകളാണ് ഉണ്ടായത്. മേയ് മൂന്ന് വരെയുള്ള രണ്ടാം ഘട്ടത്തില്‍ 496 പേര്‍ക്കാണ് ആകെ രോഗം ബാധിച്ചത്. മേയ് മൂന്നിന് ചികിത്സയിലുള്ളവരുടെ എണ്ണം 95 ആയി കുറയുകയും രോഗമുക്തി നേടിയവരുടെ എണ്ണം 401 ആയി ഉയരുകയും ചെയ്തു. ലോക് ഡൗണ്‍ മാറി മേയ് നാലിന് ചെക്ക്പോസ്റ്റുകള്‍ തുറന്നതോടെ മൂന്നാം ഘട്ടത്തില്‍ രോഗികളുടെ എണ്ണം പതിയെ വര്‍ധിച്ചു. തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു. ക്ലസ്റ്റര്‍ സ്ട്രാറ്റജി ആവിഷ്‌ക്കരിച്ച് രോഗ നിയന്ത്രണത്തിന് സാധിച്ചു. പിന്നീട് ഓണം കഴിഞ്ഞുള്ള ആഴ്ചകളില്‍ പ്രതിദിന രോഗികളുടെ എണ്ണം കൂടി 10,000 കഴിഞ്ഞു. ഒരു ഘട്ടത്തില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 95,000വും കടന്നു. പ്രതിദിന രോഗികളുടെ എണ്ണം 30,000ന് മുകളില്‍ ആകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ എല്ലാവരും ജാഗ്രത പാലിച്ചതോടെ പ്രതിദിന രോഗികളുടെ എണ്ണം കുറയ്ക്കാനായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയ്ക്കാന്‍ സാധിച്ചു.

ആരില്‍ നിന്നും കൊവിഡ് പകരുന്ന അവസ്ഥയാണ് ഇപ്പോഴുമുള്ളത്. അതിനാല്‍ ഓരോരുത്തരും വളരെയേറെ ശ്രദ്ധിക്കണം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും മറ്റും എല്ലാവരും ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. കൃത്യമായ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പുപയോഗിച്ച് കഴുകുകയും വേണം. എല്ലാവരും ജാഗ്രത പാലിച്ചാല്‍ കൂടുതല്‍ വ്യാപനമുണ്ടാകാതെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Story Highlights number of covid patients in kerala crossed five lakh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here