ജെഎന്‍യു സര്‍വകലാശാലയില്‍ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി സൗജന്യ ഹോസ്റ്റലുണ്ടോ? [24 fact check]

-/ കാതറിൻ കിണറ്റുകര
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ കശ്മീരില്‍ നിന്നുള്ള മുസ്ലിം വിദ്യാര്‍ഥികള്‍ക്കായി സൗജന്യ ഹോസ്റ്റല്‍ എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം വ്യാജം. ചിത്രത്തോടൊപ്പം കോണ്‍ഗ്രസ് പണി കഴിപ്പിച്ച ഈ ഹോസ്റ്റലില്‍ മറ്റ് മതസ്ഥരായ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനമില്ലെന്നും ഇതോടൊപ്പം പ്രചാരണമുണ്ട്.
‘ഈ ചിത്രത്തില്‍ കാണുന്നത് ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ അല്ല, മറിച്ചു 2012 ല്‍ കോണ്‍ഗ്രസ് ജെ എന്‍ യുവില്‍ പണി കഴിപ്പിച്ച ഹോസ്റ്റല്‍ ആണ്. 400 മുറികളുള്ള ഹോസ്റ്റലില്‍ ജമ്മു കശ്മീരിലെ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് പ്രവേശനം. ഇവിടെ നിന്ന് പഠിച്ചിറങ്ങിയിട്ടാണ് കശ്മീര്‍ മുസ്ലിമുകള്‍ ഇന്ത്യയ്‌ക്കെതിരെ മുദ്രാവാക്യം വിളിക്കുന്നത്.’ കെട്ടിടത്തിന്റെ ചിത്രത്തിനൊപ്പം പ്രചരിക്കുന്ന കുറിപ്പാണിത്.

പരിശോധനയില്‍ ചിത്രത്തില്‍ കാണുന്ന കെട്ടിടം ജാമിയ മിലിയ സര്‍വകലാശാലയിലെത് ആണെന്ന് തിരിച്ചറിഞ്ഞു. 2012 ല്‍ കോണ്‍ഗ്രസ് പണി കഴിപ്പിച്ച ഹോസ്റ്റല്‍ ആണിത് എന്ന പ്രചാരണവും വ്യാജമാണ്. കോണ്‍ഗ്രസിന്റെ പദ്ധതി പൂര്‍ത്തിയാക്കി ഹോസ്റ്റല്‍ നിര്‍മിച്ചത് ബിജെപിയുടെ ഭരണ കാലത്താണ്. 2017 ല്‍ 135 മുറികളുള്ള ഹോസ്റ്റല്‍ കെട്ടിടം ഉദ്ഘാടനം ചെയ്യാന്‍ മെഹബൂബ മുഫ്തിയെയും കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗിനെയും ക്ഷണിച്ചെന്ന വാര്‍ത്ത 2017 നവംബര്‍ 17 ലെ ഹിന്ദു പത്രത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Read Also : അമേരിക്കന്‍ തെരഞ്ഞെടുപ്പിന് പിന്നാലെ ടൈം മാഗസിന്റേതെന്ന പേരില്‍ വ്യാജ പ്രചാരണം [24 Fact check]
സര്‍വകലാശാലയിലെ പ്രതിഷേധങ്ങള്‍ക്കിടയില്‍ ഹോസ്റ്റല്‍ ഉദ്ഘാടനം നീണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ഹോസ്റ്റലില്‍ 400 കിടക്കകള്‍ ഒരുക്കി. എല്ലാത്തിനും ഉപരിയായി ഹോസ്റ്റല്‍ വനിത ഹോസ്റ്റല്‍ ആണെന്നും എല്ലാ സംസ്ഥാനങ്ങളിലെയും മതങ്ങളിലെയും പെണ്‍കുട്ടികള്‍ക്ക് അവിടെ പ്രവേശനത്തിന് അപേക്ഷിക്കാമെന്നും ഹോസ്റ്റലിന്റെ മുന്‍ ഭരണ സമിതി അംഗം ഡോ. സബീഹാ സൈദ് വ്യക്തമാക്കി. മെറിറ്റ്, സാമ്പത്തികം എന്നീ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാകും അഡ്മിഷന്‍ നല്‍കുക.
Story Highlights – fact check, 24 fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here