സൗമിത്ര ചാറ്റര്‍ജി; വിടവാങ്ങിയത് വെള്ളിത്തിരയിലെ ഇതിഹാസ താരം

അഞ്ച് പതിറ്റാണ്ടിലേറെയായി ബംഗാളി സാംസ്‌കാരിക ജീവിതത്തിന്റെ പ്രധാന ബിംബങ്ങളിലൊന്നായിരുന്നു സൗമിത്ര ചാറ്റര്‍ജി. ബംഗാളി വെള്ളിത്തിരയില്‍ സ്വാഭാവിക അഭിനയത്തിന്റെ ചാരുത വിരിയിച്ച നടനായിരുന്നു അദ്ദേഹം. ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം, പത്മഭൂഷണ്‍, മികച്ച നടനുള്ള ദേശീയ പുരസ്‌കാരം എന്നിവയും ഒട്ടേറെ രാജ്യാന്തര പുരസ്‌കാരങ്ങളും സൗമിത്ര ചാറ്റര്‍ജിയെ തേടിയെത്തിയിട്ടുണ്ട്.
1959ല്‍ സത്യജിത് റേയുടെ വിഖ്യാത ചിത്രം അപുര്‍ സന്‍സാറിലൂടെയാണ് സൗമിത്ര ചാറ്റര്‍ജി സിനിമയില്‍ അരങ്ങേറിയത്. പിന്നീട് റേയുടെ 13 സിനിമകളുടെ ഭാഗമായി സൗമിത്ര. സ്‌കൂള്‍ നാടകങ്ങളില്‍ അഭിനയിച്ചിരുന്ന സൗമിത്ര പഠനകാലത്തുതന്നെ പ്രമുഖ ബംഗാളി നാടക നടനും സംവിധായകനുമായ അഹീന്ദ്ര ചൗധരിയില്‍ നിന്ന് അഭിനയപാഠങ്ങള്‍ പഠിച്ചു. നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കെ അദ്ദേഹം ഓള്‍ ഇന്ത്യ റേഡിയോയില്‍ അനൗണ്‍സറായി. അക്കാലത്താണ് സത്യജിത് റേയുടെ അപരാജിതോയില്‍ അവസരം തേടിയെത്തിയത്. സൗമിത്രയെ റേയ്ക്ക് ഇഷ്ടമായെങ്കിലും സിനിമയിലെ പ്രധാന കഥാപാത്രം അപു കുറച്ചുകൂടി ചെറുപ്പമായതിനാല്‍ സൗമിത്രയ്ക്ക് അവസരം ലഭിച്ചില്ല. പക്ഷേ ചിത്രത്തിന്റെ അടുത്ത ഭാഗത്തില്‍ മുതിര്‍ന്ന അപുവിനെ അവതരിപ്പിക്കാന്‍ റേ സൗമിത്രയെ വിളിച്ചു. റേയുടെ 14 സിനിമകളിലാണ് സൗമിത്ര നായകവേഷത്തിലെത്തിയത്.
അപുര്‍ സന്‍സാര്‍, തീന്‍ കന്യ, അഭിജാന്‍, ചാരുലത, കാപുരുഷ്, ആകാശ് കുസും, പരിണീത, അരണ്യേര്‍ ദിന്‍ രാത്രി, അശനിസങ്കേത്, സോനാര്‍ കെല്ല, ഗണശത്രു തുടങ്ങിയവയാണ് സൗമിത്രയുടെ പ്രധാന ചിത്രങ്ങള്‍. ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരിലൊരാള്‍ എന്ന വിശേഷിപ്പിക്കപ്പെടുന്ന സൗമിത്ര തന്റെ നിലപാടുകളിലും കരുത്തനായിരുന്നു. എഴുപതുകളില്‍ പത്മശ്രീ പുരസ്‌കാരം നിരസിച്ച ചാറ്റര്‍ജിക്ക് 2004ല്‍ രാജ്യം പത്മഭൂഷണ്‍ സമ്മാനിച്ചു. 1991ലും 2000ലും ദേശീയ അവാര്‍ഡ് നിര്‍ണയത്തില്‍ പ്രത്യേക പരാമര്‍ശം ലഭിച്ച സൗമിത്രയ്ക്ക് 2006ല്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. ദീപ ചാറ്റര്‍ജിയാണ് സൗമിത്രയുടെ ഭാര്യ. പൗലാമി ബോസ്, സൗഗത ചാറ്റര്‍ജി എന്നിവര്‍ മക്കളാണ്.
Story Highlights – Soumitra Chatterjee has passed away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here