പാലാ നഗരസഭയിലെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാകാതെ ഇടതുമുന്നണി

LDF fails to complete seat allotment in Pala municipality

പാലാ നഗരസഭയിലെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാകാതെ ഇടതുമുന്നണി. പതിനേഴ് സീറ്റുകള്‍ വേണമെന്ന ആവശ്യത്തില്‍ ജോസ് കെ. മാണി പക്ഷം ഉറച്ചു നിന്നതോടെയാണ് ചര്‍ച്ചകള്‍ വഴിമുട്ടിയത്. രാവിലെ നടന്ന ഉഭയകക്ഷി ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞു. തര്‍ക്ക പരിഹാരത്തിന് ഇന്ന് വൈകിട്ട് പാലായില്‍ എല്‍ഡിഎഫ് യോഗം ചേരും.

പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ പാലായില്‍ പതിനേഴ് സീറ്റില്‍ കുറഞ്ഞുള്ള ചര്‍ച്ചകള്‍ക്ക് വഴങ്ങേണ്ടെന്ന നിലപാടിലാണ് കേരള കേണ്‍ഗ്രസ് ജോസ് കെ. മാണി പക്ഷം. ആകെയുള്ള 26 ഡിവിഷനുകളില്‍ ഭൂരിഭാഗവും ജോസിനു നീക്കിവച്ചാല്‍, അവശേഷിക്കുന്ന 9 സീറ്റുകള്‍ മാത്രമാണ് സിപിഎമ്മിനും, സിപിഐയ്ക്കും എന്‍സിപിക്കുമായി ഉള്ളത്. പാലായില്‍ എംഎല്‍എ ഉള്ളതിനാല്‍ എന്‍സിപിക്ക് നഗരസഭില്‍ സീറ്റ് നിഷേധിക്കാനാകില്ല. ആറ് സീറ്റില്‍ സിപിഐഎം, രണ്ട് സീറ്റില്‍ സിപിഐ എന്ന നിര്‍ദേശമാണ് സിപിഐഎം നേതൃത്വം ഉദ്ദേശിക്കുന്ന ഫോര്‍മുല.

എന്നാല്‍ കഴിഞ്ഞ തവണ ഏഴ് ഡിവിഷനുകളില്‍ മത്സരിച്ച സിപിഐ ഈ ഒത്തുതീര്‍പ്പിന് തയാറല്ല. നാല് സീറ്റുകളെങ്കിലും കിട്ടണമെന്നാണ് വാദം. ഇതുണ്ടായില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് ഭീഷണി. ഉഭയകക്ഷി ചര്‍ച്ചകളില്‍ വിഷയം പരിഹരിക്കാനായില്ല. ഇന്ന് ഉച്ചയ്ക്ക് ശേഷം ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ വീണ്ടും സിപിഐയെ അനുനയിപ്പിക്കാന്‍ ശ്രമം നടക്കും. മൂന്ന് സീറ്റുകള്‍ വരെ വിട്ടുനല്‍കി ഒത്തുതീര്‍പ്പുണ്ടാക്കാനാണ് നീക്കം. പാലായ്ക്ക് പുറമെ, കടനാട്, കരൂര്‍ പഞ്ചായത്തുകളിലും, ബ്ലോക്ക് ഡിവിഷനുകളിലും തര്‍ക്കം തുടരുകയാണ്. എന്‍ഡിഎ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പ്രചാരണം തുടങ്ങിയതോടെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാകാതെ പ്രതിസന്ധിയിലാണ് ഇടതുമുന്നണി. നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനുള്ള സമയപരിധി മറ്റന്നാള്‍ അവസാനിക്കുമെന്നിരിക്കെ തര്‍ക്കപരിഹാരത്തിനുള്ള തിരക്കിട്ട നീക്കത്തിലാണ് എല്‍ഡിഎഫ് ജില്ലാ നേതൃത്വം.

Story Highlights LDF fails to complete seat allotment in Pala municipality

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top