വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റുന്നതെങ്ങനെ? , അറിയേണ്ടതെല്ലാം

വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റുന്നതെങ്ങനെയാണ് ?. എന്തെല്ലാം രേഖകളാണ് ഇതിന് വേണ്ടതെന്നും അറിയാത്തവരായിരിക്കാം ചിലപ്പോള്‍ നമ്മള്‍. രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഉപഭോക്താവിന്റെ നിര്യാണത്തെ തുടര്‍ന്നോ പുതിയ പാര്‍പ്പിടമോ കെട്ടിടമോ വാങ്ങുമ്പോഴോ വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റുന്നത് നിര്‍ബന്ധമാണ്. രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഉപഭോക്താവിന്റെ നിര്യാണത്തെ തുടര്‍ന്ന് ഉടമസ്ഥാവകാശം മാറ്റുന്നതിന്, വില്പത്രമോ, പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റോ, മരണ സര്‍ട്ടിഫിക്കറ്റിനൊപ്പം നല്‍കണം. അതേസമയം, ഉടമസ്ഥാവകാശം മാറ്റുന്നതിന്, സ്ഥല പരിശോധന ആവശ്യമില്ല.
വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി ചെയ്യേണ്ടത്
- അപേക്ഷകന്റെ ഫോട്ടോ പതിപ്പിച്ച ഐഡി കാര്‍ഡ്.
- ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള രേഖ.
- ഉടമസ്ഥാവകാശം മാറ്റുന്നതിന് (സെക്യൂരിറ്റി ഡെപ്പോസിറ്റ് ഉള്‍പ്പടെ), പഴയ ഉടമസ്ഥന്‍ വെള്ളപേപ്പറില്‍ എഴുതി നല്‍കിയ അനുമതി പത്രം. അല്ലെങ്കില്‍ അനുമതി പത്രം കിട്ടിയില്ലെങ്കില്‍, പുതിയ ഉടമസ്ഥന്, സെക്യൂരിറ്റി ഡെപ്പോസിറ്റ് പുതിയതായി അടക്കാവുന്നതാണ്. അപ്പോള്‍ നിലവിലുണ്ടായിരുന്ന സെക്യൂരിറ്റി ഡെപ്പോസിറ്, പഴയ ഉടമസ്ഥന് ഉടമസ്ഥാവകാശം മാറ്റുന്നതായുള്ള അറിയിപ്പോടെ, ബോര്‍ഡ് മടക്കി നല്‍കുന്നതുമാണ്. അതുമല്ലെങ്കില്‍, ഒരു വെള്ളപേപ്പറില്‍, ഉടമസ്ഥാവകാശം മാറ്റുന്നതുമായി ബന്ധപ്പെട്ട എല്ലാ കഷ്ട നഷ്ടങ്ങളില്‍ നിന്നും, വ്യവഹാരങ്ങളില്‍ നിന്നും കെഎസ്ഇബിയെ ഒഴിവാക്കികൊണ്ടും, പഴയ ഉടമസ്ഥന്‍, അദ്ദേഹം നിക്ഷേപിച്ച സെക്യൂരിറ്റി ഡെപ്പോസിറ്റില്‍ അവകാശം ഉന്നയിക്കുന്നപക്ഷം, ഉടമസ്ഥാവകാശം മാറ്റുമ്പോഴുണ്ടായിരുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് പലിശ സഹിതം തിരികെ നല്കാമെന്നുമുള്ള ഒരു ഉറപ്പ് എഴുതി നല്‍കാവുന്നതാണ്.
ഉടമസ്ഥാവകാശം മാറ്റുന്നതിനൊപ്പം, കണക്ടഡ് ലോഡിലോ, കോണ്‍ട്രാക്ട് ഡിമാന്‍ഡിലോ വ്യത്യാസമുണ്ടെങ്കില്‍, കണക്ടഡ് ലോഡിലോ/കോണ്‍ട്രാക്ട് ഡിമാന്‍ഡ് മാറ്റുന്നതിനുള്ള അപേക്ഷ കൂടി സമര്‍പ്പിക്കേണ്ടതാണ്.
Story Highlights – How to change the ownership of the power connection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here