സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ സി.ബി.ഐയ്ക്ക് അന്വേഷണം സാധ്യമല്ലെന്ന് സുപ്രിംകോടതി

സംസ്ഥാനങ്ങളിലെ അന്വേഷണത്തിന് സി.ബി.ഐയ്ക്ക് സംസ്ഥാനങ്ങളുടെ അനുമതി വേണമെന്ന് വ്യക്തമാക്കി സുപ്രിംകോടതി. ഒരുസംസ്ഥാനത്തിന്റെയും അനുമതി ഇല്ലാതെ സി.ബി.ഐയ്ക്ക് സംസ്ഥാനങ്ങളിൽ അന്വേഷണം സാധ്യമല്ലെന്ന് സുപ്രിംകോടതി പറഞ്ഞു. സംസ്ഥാനങ്ങളുടെ അനുവാദം ഇല്ലാതെ അന്വേഷണം നടത്തുന്നത് ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. സംസ്ഥാനങ്ങളുടെ അനുമതി ഇല്ലാതെയും സി.ബി.ഐ അന്വേഷണമാകാം എന്ന കേന്ദ്രസർക്കാർ വാദത്തിന് തിരിച്ചടിയാണ് സുപ്രിംകോടതി നിലപാട്.
ജസ്റ്റിസുമാരായ എ. എം ഖാൻവിൽക്കർ, ബി. ആർ ഗവായി എന്നിവരുടേതാണ് സുപ്രധാന വിധി. അഴിമതി ആക്ഷേപവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിൽ നിന്നുള്ള ചിലർ നൽകിയ അപ്പീൽ പരിഗണിച്ചാണ് സുപ്രിംകോടതിയുടെ നിർണായക നിരീക്ഷണം. പ്രതിപട്ടികയിലുള്ള ഹർജിക്കാരിൽ ചിലർ സംസ്ഥാന ജീവനക്കാരാണെന്നും സംസ്ഥാന സർക്കാർ അന്വേഷണത്തിന് അനുമതി നൽകിയിട്ടില്ലെന്നും വാദിച്ചു. ഇതിനിടെ ഡൽഹി പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടുമായി ബന്ധപ്പെട്ട് പാലിക്കേണ്ട ചട്ടങ്ങൾ സുപ്രിംകോടതി വ്യക്തമാക്കി. ഫെഡറൽ തത്വങ്ങൾ പാലിക്കുന്നതിനാകണം കേന്ദ്രസർക്കാർ മുൻഗണന നൽകേണ്ടത്. അതുകൊണ്ടുതന്നെ സെക്ഷൻ ആറ് ഡൽഹി പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് നിർദേശിക്കുന്ന സംസ്ഥാനങ്ങളുടെ അനുമതി സുപ്രധാനമാണ്. സംസ്ഥാനങ്ങൾ നൽകുന്ന അനുവാദമാണ് സി.ബി.ഐയ്ക്ക് അധികാര പരിധി നൽകുന്നത്. ഇക്കാര്യത്തിൽ ഒരു സംശയത്തിനും അവസരമില്ലെന്നും വ്യക്തമാക്കി ഹർജിക്കരുടെ അപ്പീൽ കോടതി നിരസിച്ചു.
ഉത്തർപ്രദേശ് സി.ബി.ഐ അന്വേഷണത്തിന് ജനറൽ കൺസെന്റ് നൽകിയ സംസ്ഥാനമാണെന്ന് കണ്ടെത്തിയാണ് ഉത്തരവ്. കേരളം അടക്കം ഉള്ള സംസ്ഥാനങ്ങൾ സി.ബി.ഐയ്ക്ക് നൽകിയ ജനറൽ കൺസെന്റ് പിൻവലിച്ച സഹചര്യത്തിൽ സുപ്രധാനമാണ് സുപ്രിംകോടതി നിരീക്ഷണങ്ങൾ.
Story Highlights – CBI, supreme court of india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here