ഫറ്റോർഡയിൽ ത്രില്ലർ സമനില; രണ്ട് ഗോൾ പിന്നിൽ നിന്നിട്ടും തിരികെ വന്ന് എഫ്സി ഗോവ

എഫ്സി ഗോവ-ബെംഗളൂരു എഫ്സി മത്സരം സമനിലയിൽ. രണ്ട് ഗോളുകൾ വീതം നേടിയാണ് ഇരു ടീമുകളും സമനില പാലിച്ചത്. 57 മിനിട്ട് വരെ രണ്ട് ഗോളിനു പിന്നിൽ നിന്ന ഗോവയാണ് പിന്നീട് മത്സരത്തിലേക്ക് തിരികെ വന്നത്. ബെംഗളൂരുവിനായി ക്ലെയ്റ്റൺ സിൽവയും ജുവാനനും സ്കോർ ചെയ്തപ്പോൾ ഗോവയ്ക്കായി ഇഗോർ അംഗൂളോ ഇരട്ട ഗോളുകൾ നേടി.
ലീഗിലെ കരുത്തരുടെ ഏറ്റുമുട്ടൽ പ്രതീക്ഷിച്ചതു പോലെ ആവേശം നിറഞ്ഞതായിരുന്നു. പൊസിഷൻ ഫുട്ബോൾ കളിച്ച ഗോവയ്ക്ക് ബെംഗളൂരുവിൻ്റെ കൗണ്ടർ അറ്റാക്കുകൾ പലപ്പോഴും ഭീഷണിയായി. പന്തടക്കവും പാസിംഗ് കൃത്യതയും കൊണ്ട് ഗോവയാണ് മത്സരത്തിൻ്റെ ഭൂരിഭാഗവും നിയന്ത്രിച്ചത്. എന്നാൽ ബെംഗളൂരുവിൻ്റെ ഫിസിക്കൽ ഗെയിമിനു മുന്നിൽ പതറിയ ഗോവ 27ആം മിനിട്ടിൽ ആദ്യ ഗോൾ വഴങ്ങി. ഒരു ലോംഗ് ത്രോയുടെ അവസാനത്തിൽ ക്ലെയ്റ്റൺ സിൽവയാണ് ബെംഗളൂരുവിൻ്റെ അക്കൗണ്ട് തുറന്നത്. പ്രതിരോധത്തിൻ്റെ പിഴവിൽ നിന്ന് ബ്രസീലിയൻ മധ്യനിര താരം ഗോൾ കണ്ടെത്തുകയായിരുന്നു. ആദ്യ പകുതി ബെംഗളൂരു നേടിയ ഒരു ഗോളിൽ പിരിഞ്ഞു.
Read Also : ഐഎസ്എൽ: ഇന്ന് ഗോവ-ബെംഗളൂരു പോരാട്ടം
57ആം മിനിട്ടിൽ ജുവാനനാണ് ബെംഗളൂരുവിൻ്റെ ലീഡ് ഇരട്ടിച്ചത്. ബോക്സിൽ നിന്ന് എറിക് പർതാലു ഹെഡ് ചെയ്ത ഗോളിൽ നിന്ന് ഒരു ഫസ്റ്റ് ടൈം വോളിയിലൂടെ സ്കോർ ചെയ്യുമ്പോൾ ഗോവയുടെ പരാജയം മണത്തതാണ്. എന്നാൽ, ബ്രണ്ടൻ ഫെർണാണ്ടസ് സബ്സ്റ്റിറ്റ്യൂട്ടായി എത്തിയത് ഗോവൻ നിരയെ ഉണർത്തി. തിരിച്ചടി ശക്തമാക്കുന്നതിനിടെ ഗോവയ്ക്ക് വേണ്ടി അംഗൂളോ ബെംഗളൂരു വല തുളച്ചു. ആൽബർട്ടോ നൊഗ്യൂരയുറ്റെ മനോഹരമായ ത്രൂബോൾ വലയിലേക്ക് തിരിച്ചുവിടുക എന്ന ജോലിയാണ് അംഗൂളോയ്ക്ക് ചെയ്യാൻ ഉണ്ടായിരുന്നത്. മൂന്ന് മിനിട്ടുകൾക്ക് ശേഷം വീണ്ടും അംഗൂളോ സ്കോർ ചെയ്തു. റൊമാരിയോയുടെ ഒരു ക്രോസ് തൻ്റെ നെഞ്ച് കൊണ്ട് ഗോളിലേക്ക് തിരിച്ചു വിട്ട അംഗൂളോ ഗോവയെ ഒപ്പമെത്തിച്ചു.
ഇരു ടീമുകളും മത്സരത്തിൽ ആധിപത്യം നേടാൻ ശ്രമിക്കുന്നത് അവസാന സമയങ്ങളിൽ ആവേശമായി. ഓഫ്സൈഡുകളും കോർണറും ഫ്രീകിക്കും കണ്ട മത്സരത്തിലെ ഇഞ്ചുറി ടൈമിൽ ഗോവയ്ക്ക് ലീഡ് നേടാൻ അവസരം ലഭിച്ചു. ജോർഗോ മെൻഡോസയുടെ ഒരു കരുത്തുറ്റ ഷോട്ട് തട്ടിയകറ്റിയ സന്ധു ബെംഗളൂരുവിന് സമനില സമ്മാനിക്കുകയായിരുന്നു.
Story Highlights – fc goa drew with bengaluru fc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here