Advertisement

രമേശ് ചെന്നിത്തലക്കെതിരായ വിജിലന്‍സ് അന്വേഷണം; ഗവര്‍ണറുടെ അനുമതി നിയമപരിശോധനക്ക് ശേഷം

November 22, 2020
Google News 1 minute Read
Vigilance probe, RameshChennithala, governor

ബാര്‍ക്കോഴ കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ ഗവര്‍ണറുടെ അനുമതി നിയമപരിശോധനക്ക് ശേഷം. അന്വേഷണത്തിന്റെ നിയമസാധുത വിദഗ്ധരുമായി രാജ്ഭവന്‍ കൂടിയാലോചിക്കും. ചെന്നിത്തലക്കൊപ്പം മുന്‍ മന്ത്രിമാരായ കെ ബാബു, വി എസ് ശിവകുമാര്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണക്കാര്യവും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പരിഗണനയിലുണ്ട്.

ബാറുകള്‍ തുറക്കുന്നതിന് കോഴ നല്‍കിയെന്ന ബിജുരമേശിന്റെ വെളിപ്പെടുത്തലില്‍ കേസെടുത്ത് അന്വേഷണം വേണമെന്ന് വിജിലന്‍സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് അംഗീകരിച്ച മുഖ്യമന്ത്രി പ്രോസിക്യൂഷന്‍ അനുമതി തേടി ഗവര്‍ണറേയും സ്പീക്കറേയും സമീപിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സര്‍ക്കാര്‍ നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഗവര്‍ണര്‍ നിയമവിദഗ്ധരുമായി കൂടിയാലോചിക്കുന്നത്. അനുമതി ലഭിച്ചാല്‍ അന്വേഷണവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം.

ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ ബാറുടമകള്‍ പിരിച്ച പണം കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയ്ക്കും മുന്‍ മന്ത്രിമാരായിരുന്ന കെ.ബാബുവിനും വി.എസ്.ശിവകുമാറിനും കൈമാറിയെന്നായിരുന്നു വെളിപ്പെടുത്തല്‍. ചെന്നിത്തലക്ക് ഒരുകോടിയും കെ.ബാബുവിന് അന്‍പത് ലക്ഷവും ശിവകുമാറിന് 25 ലക്ഷവും കൈമാറിയെന്നാണ് ബിജു രമേശ് മാധ്യമങ്ങളോട് പറഞ്ഞത്. നേരത്തെ കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നില്ല. കെ.എം. മാണിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ഗൂഡാലോചന നടത്തിയെന്ന കേരളാ കോണ്‍ഗ്രസ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിനു തൊട്ടുപിന്നാലെയായിരുന്നു ബിജു രമേശ് ആരോപണവുമായി രംഗത്തെത്തിയത്. വെളിപ്പെടുത്തലില്‍ കേസെടുത്ത് അന്വേഷണിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ എച്ച്. ഹാഫിസ് വിജിലന്‍സ് ഡയറക്ടറെ സമീപിക്കുകയായിരുന്നു.

Story Highlights Vigilance probe, RameshChennithala, governor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here