പൊലീസ് നിയമഭേദഗതി; നടപ്പാക്കില്ലെങ്കിലും സമരവുമായി മുന്നോട്ട് പോകാൻ പ്രതിപക്ഷ തീരുമാനം

പൊലീസ് നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയെങ്കിലും സമരവുമായി മുന്നോട്ട് പോകാൻ പ്രതിപക്ഷ തീരുമാനം. നാളെ സംസ്ഥാനത്തെ എല്ലാ വാർഡുകളിലും പ്രതിഷേധ ധർണ നടത്താൻ യുഡിഎഫ് തീരുമാനിച്ചു. ഓർഡിനൻസ് റിപ്പീൽ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സമരം.
പൊലീസ് ആകട് ഭേദഗതി ചെയ്തു പുറപ്പെടുവിച്ച ഓർഡിനൻസ് അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നാണ് പ്രതിപക്ഷ നിലപാട്. നിയമഭേദഗതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം മുഖം രക്ഷിക്കാനുള്ള തന്ത്രം മാത്രമാണ്. മനുഷ്യാവകാശ പ്രവർത്തകർ ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടും നിയമം പിൻവലിക്കാൻ സർക്കാർ തയാറാകുന്നില്ല. ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടതോടെ ഭേദഗതി നിയമമായി മാറി. ഇതു നടപ്പാക്കില്ലെന്ന് പറയുന്നത് നിയമവിരുദ്ധമാണ്. നിയമം പിൻവലിക്കാത്ത കാലത്തോളം പൊലീസിനും കോടതിക്കും ഇതു പ്രയോഗിക്കാൻ കഴിയും. അതിനാൽ ഭരണഘടനയുടെ 213(2) അനുസരിച്ച് ഓർഡിനൻസ് റിപ്പീൽ ചെയ്യണം എന്നാണ് അവർ ആവശ്യപ്പെടുന്നത്.
നാളെ രാവിലെ 10 മുതൽ 11 വരെ സംസ്ഥാനത്തെ എല്ലാ വാർഡുകളിലും നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സമരം സംഘടിപ്പിക്കും. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന്റെ പ്രധാന പ്രചരണവിഷയമായി ഇതു മാറ്റാനാണ് യുഡിഎഫ് നീക്കം.
Story Highlights – police amendment act opposition will protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here