Advertisement

നെടുമാരൻ: തിരശീലയ്ക്ക് പിന്നിലെ യാഥാർത്ഥ്യങ്ങൾ

November 24, 2020
Google News 3 minutes Read
gr gopinath life story

ഒടിടി റിലീസ് ചെയ്ത സൂര്യയുടെ സൂരരൈ പോട്രിനെ കുറിച്ചുള്ള അനുമോദന പോസ്റ്റുകളും, സ്റ്റാറ്റസുകളുമാണ് സോഷ്യൽ മീഡിയ നിറയെ. സൂര്യ കേന്ദ്രകഥാപാത്രത്തിലെത്തിയ എല്ലാ തെക്കേ ഇന്ത്യൻ ഭാഷകളിലുമായി റിലീസ് ചെയ്ത സിനിമ എന്നത് മാത്രമായിരുന്നില്ല ചിത്രത്തിന് ജനപ്രീതി നേടിക്കൊടുത്തത്. മറിച്ച് ചിത്രം സംസാരിച്ചത് നമ്മുടെയെല്ലാം കഥയായിരുന്നു. ഒരു രൂപയും ടാക്‌സും ചേർത്ത് നാമമാത്രമായ തുക നൽകി ശരാശരി ഇന്ത്യക്കാരന് ആദ്യമായി വിമാനയാത്ര നടത്താൻ കാരണമായത് എയർ ഡെക്കാനായിരുന്നു.

ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് എന്നിങ്ങനെ പണത്തിന്റെ പേരിൽ മുൻഗണന ലഭിച്ചും, തഴയപ്പെട്ടും പോയവരെ ഒന്നിച്ച് ഒരേ സീറ്റിൽ ഇരുത്തുക കൂടി ചെയ്തു എയർ ഡെക്കൻ… എയർ ഡെക്കാനും സ്ഥാപകൻ ജിആർ ഗോപിനാഥും സൃഷ്ടിച്ച മാറ്റത്തിന്റെ കാറ്റ് ദക്ഷിണേന്ത്യ മുഴുവൻ വീശിയടിച്ചു. എന്നാൽ വർഷങ്ങൾ കഴിഞ്ഞതോടെ സമാന ആശയത്തിൽ മറ്റ് ബഡ്ജറ്റ് വിമാനങ്ങൾ വന്നു. എയർ ഡെക്കാൻ ഇന്ത്യയിലെ വിമാനക്കമ്പനികളിൽ ഒന്ന് മാത്രമായി. ഇപ്പോൾ സൂര്യ ചിത്രമായ സൂരരൈ പോട്രിലൂടെയാണ് എയർ ഡെക്കാനെ കുറിച്ചും ഗോപിനാഥിനെ കുറിച്ചുമുള്ള ചർച്ചകൾ സജീവമായത്. പക്ഷേ സിനിമയായിരുന്നില്ല ജീവിതം. കേൾക്കുന്നവരിൽ ആവേശമുണർത്തുന്ന കഥയാണ് സിനിമയ്ക്കും ജീവിതത്തിനും. പക്ഷേ ഉയർന്ന് മാത്രം പറന്ന സിനിമാറ്റിക് ഗ്രാഫ് ആയിരുന്നില്ല ഗോപിനാഥിന്റെ ജീവിതകഥ. അതിൽ ഉയർച്ചയും താഴ്ചയും അതിജീവനവും മാറിയും മറിഞ്ഞും ഉണ്ടായിരുന്നു. സിനിമ പറഞ്ഞതും പറയാത്തതും ….

ആദ്യം അൽപം ഫ്‌ളാഷ് ബാക്ക്

കർണാടകയിലെ ഗൊരൂർ ഗ്രാമത്തിലെ ഒരു സ്‌കൂൾ അധ്യാപകന്റെ മകനായിരുന്നു ഗൊരൂർ രാമസ്വാമി അയംഗാർ ഗോപിനാഥ്. എട്ട് വർഷത്തോളം സേനയിൽ പ്രവർത്തിച്ച അദ്ദേഹം 1971ലെ ബംഗ്ലാദേശ് ലിബറേഷൻ യൂദ്ധത്തിൽ ഇന്ത്യയ്ക്ക് വേണ്ടി പൊരുതിയിട്ടുണ്ട്.

gr gopinath life story

ഇന്ത്യൻ ആമിയിൽ ക്യാപ്റ്റനായിരുന്ന ഗോപിനാഥ് 1980 ൽ കൃത്യമായി പറഞ്ഞാൽ തന്റെ തന്റെ 28-ാം വയസിൽ സേനയിൽ നിന്ന് സ്വയം വിരമിച്ചാണ് സംരംഭക ജീവിതത്തിലേക്ക് കടക്കുന്നത്.

‘ഡെക്കാൻ ഏവിയേഷൻ’

ആദ്യം പട്ടുനൂൽ വ്യവസായി ആയി…പിന്നീട് ഹോട്ടൽ തുറന്നു ഇതിനെല്ലാം ശേഷമാണ് 1997ൽ ‘ഡെക്കാൻ ഏവിയേഷൻ’ എന്ന കമ്പനിയിലൂടെ വ്യോമയാന മേഖലയിലേക്ക് ഗോപിനാഥ് എത്തുന്നത്. സുഹൃത്ത് ക്യാപ്റ്റൻ കെ.ജെ സാമുവലുമായി ചേർന്ന് ഹെലികോപ്റ്റർ ചാർട്ടർ സർവീസ് ആരംഭിച്ചു.

gr gopinath life story

രാഷ്ട്രീയ നേതാക്കളും, ബിസിനസ് പ്രമുഖരും ഈ ഹെലികോപ്റ്റർ സർവീസ് ഉപയോഗിച്ചു. ചില അപകട/പ്രതിസന്ധി ഘട്ടങ്ങളിൽ ശ്രീലങ്ക, നേപ്പാൾ, കാബൂൾ, ദക്ഷിണേന്ത്യ എന്നിവിടങ്ങളിൽ രക്ഷാപ്രവർത്തനത്തിനും ഡെക്കൻ ഏവിയേഷന്റെ ഹെലികോപ്റ്റർ ഉപയോഗിച്ചിട്ടുണ്ട്. ഇതിൽ നിന്ന് ഗോപിനാഥിന് നല്ല ലാഭം ലഭിച്ചു. ഈ ആത്മവിശ്വാസത്തിലാണ് ബഡ്ജറ്റ് എയർലൈൻസ് എന്ന ആശയത്തിലേക്ക് ഗോപിനാഥ് കടക്കുന്നത്.

‘ഡെക്കൻ എയർ’

ഇന്ത്യൻ സാമ്പത്തികരംഗം വലിയ കുതിപ്പ് നടത്തിയ 2003 ലാണ് ഗോപിനാഥ് ‘ഡെക്കൻ എയർ’ എന്ന എയർലൈൻസ് ആരംഭിക്കുന്നത്. അമേരിക്ക, യൂറോപ്പ് എന്നീ രാജ്യങ്ങളിൽ കുറഞ്ഞ ചെലവിൽ പ്രവർത്തിക്കുന്ന സൗത്ത്‌വെസ്റ്റ് എയർലൈൻസ്, റയാനെയർ എന്നിവയിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് ഡെക്കൻ ഏവിയേഷൻ ആരംഭിക്കുന്നത്. അന്താരാഷ്ട്ര യാത്രകളായിരുന്നില്ല, മറിച്ച് അഭ്യന്തര സർവീസായിരുന്നു ഡെക്കൻ എയറിന്റെ ലക്ഷ്യം. പ്രത്യേകിച്ച് ട്രെയിൻ കണക്ടിവിറ്റി മാത്രമുള്ള നഗരങ്ങളിലേക്ക്.

ഒരു നഗരത്തിൽ നിന്ന് മറ്റൊരു നഗരത്തിലേക്ക് മണിക്കൂറകൾ ട്രെയിനിൽ ചെലവഴിക്കുന്ന സാധാരണക്കാരന് കുറഞ്ഞ ചെലവിൽ വിമാനത്തിൽ യാത്ര എളുപ്പമാക്കുകയായിരുന്നു ലക്ഷ്യം. ഗോപിനാഥിന്റെ ഭാര്യ ഭാർഗവിയാണ് തന്റെ ബേക്കറി വ്യവസായത്തിൽ നിന്ന് ലഭിച്ച പണം ഗോപിനാഥിന് നൽകി അദ്ദേഹത്തിന്റെ സ്പനത്തിന് ചിറക് വിരിക്കാൻ സഹായിച്ചത്.

gr gopinath life story

എയർ ഡെക്കാൻ പെട്ടെന്ന് തന്നെ ശ്രദ്ധ നേടി. 43 വിമാനങ്ങളുമായി ഇന്ത്യയിലെ 69 നഗരങ്ങളെ ബന്ധിപ്പിച്ച എയർ ഡെക്കാൻ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ 22 ശതമാനവും നിയന്ത്രിച്ച് തുടങ്ങി.

എയർ ഡെക്കാന്റെ മാതൃക മറ്റ് വിമാനക്കമ്പനികളും സ്വീകരിച്ചു. ഇൻഡിഗോ, സ്‌പൈസ് ജെറ്റ് എന്നീ എയർലൈൻസുകൾ ഇത്തരം ‘low coast’ പാതയിലേക്ക് ചുവടുമാറ്റി. വ്യോമയാന രംഗത്തെ വിപ്ലവത്തിനാണ് ഈ മാറ്റം വഴിതെളിച്ചത്. 2003 ൽ 29.2 മില്യൺ ആളുകൾ വിമാനങ്ങളിൽ സഞ്ചരിച്ചിരുന്നതെങ്കിൽ, 2006ൽ ഈ സംഖ്യ 90.44 മില്യണിലെത്തി. ലോ കോസ്റ്റ് എയർലൈൻസിന്റെ പിതാവായി ഗോപിനാഥ് അറിയപ്പെട്ടു. സൂരരൈ പോട്ര് എന്ന ചിത്രത്തിൽ നാം കാണുന്നത് ഈ വിജയഗാഥയാണ്. ഇതിന് ശേഷം എന്താണ് എയർ ഡെക്കാന് സംഭവിച്ചത് ?

എയർ ഡെക്കാന് സംഭവിച്ചതെന്ത് ?

എയർ ഡെക്കാന്റെ കുതിപ്പ് അധികകാലം നീണ്ടുനിന്നില്ല. എയർലൈൻ പ്രവർത്തനത്തിന്റെ 50 ശതമാനവും നിയന്ത്രിക്കുന്നത് ഇന്ധന വിലയാണ്. രാജ്യത്ത് ഇന്ധന വില കുതിച്ചുയർന്നതോടെ കുറഞ്ഞ വിലയിൽ ഫ്‌ളൈറ്റ് ടിക്കറ്റുകൾ നൽകുക എന്നത് എയർ ഡെക്കാനെ അപേക്ഷിച്ച് ദുഷ്‌കരമായി മാറി. തുടർന്ന് എയർ ഡെക്കാന് വലിയ നഷ്ടങ്ങൾ സംഭവിച്ചു. എയർ ഡെക്കാനുമായി ബസിനസ് ബന്ധം സ്ഥാപിക്കാൻ നോക്കിയിരുന്ന വിജയ് മല്യ എയർ ഡെക്കാന്റെ വലിയൊരു ശതമാനം ഷെയറുകളും സ്വന്തമാക്കി. എയർ ഡെക്കാന്റെ അസ്ഥിത്വമായിരുന്ന ലോ-കോസ്റ്റ് മോഡൽ എന്ന പദ്ധതി കാറ്റിൽ പറത്തി കിംഗ്ഫിഷർ മറ്റ് വിമാനക്കമ്പനികളുടേത് പോലെ എയർ ഡെക്കാനെയും പ്രവർത്തിപ്പിച്ചു. ബിസിനസ് രംഗത്ത് നിന്നേറ്റ കനത്ത പ്രഹരങ്ങളെ തുടർന്ന് 2012ൽ മല്യയ്ക്ക് കമ്പനി അടച്ചുപൂട്ടേണ്ടി വന്നു.

gr gopinath life story

തന്റെ ജീവിതത്തിലെ തെറ്റായ തീരുമാനമായിരുന്നു കിംഗ്ഫഷറുമായുള്ള പാർട്ണർഷിപ്പ് എന്ന് ഗോപിനാഥ് കുറ്റബോധത്തോടെ ഇന്ന് ഓർക്കുന്നു. വിജയ് മല്യ തന്റെ പദ്ധതികൾ മാറ്റുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും മല്യയുമായി ഡെക്കൻ എയർ കരാറിൽ ഏർപ്പെടില്ലായിരുന്നുവെന്ന് ഗോപിനാഥ് പറയുന്നു.

കിംഗ്ഫിഷറിന്റെ പതനത്തെ തുടർന്ന് പാസഞ്ചർ എയർലൈൻസ് രംഗം വിട്ട ഗോപിനാഥ് എയർ കാർഗോ, ലോജിസ്റ്റിക്‌സ് രംഗത്തേക്ക് തിരിഞ്ഞു. ഡെക്കൻ 360 എന്ന കാർഗോ വിമാനത്തിലൂടെയായിരുന്നു ഇത്. എന്നാൽ കടബാധ്യത ഉയർന്നതോടെ കർണാടക ഹൈക്കോടതി ഗോപിനാഥിനോട്കമ്പനി അടച്ചുപൂട്ടാൻ ഉത്തരവിട്ടു. ഡെക്കൻ 360ക്ക് പൂട്ട് വീണുവെങ്കിലും, 1997ൽ ഗോപിനാഥ് തുടങ്ങി വച്ച ഹെലികോപ്റ്റർ സർവീസ് തുടർന്ന് പോയി. ടൂറിസം, മെഡിക്കൽ ആവശ്യങ്ങൾ, കോർപറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഗോപിനാഥിന്റെ ഹെലികോപ്റ്റർ പാറി നടന്നു..

gr gopinath life story

ഇവിടംകൊണ്ട് ഗോപിനാഥിന്റെ കഥ തീർന്നുവെന്ന് കരുതിയെങ്കിൽ തെറ്റി. തിരിച്ചടികൾ തുടർക്കഥയായിട്ടും പൂർണമായും വ്യോമായന മേഖല വിടാൻ ഗോപിനാഥ് തയാറായില്ല. പരിശ്രമങ്ങൾക്കൊടുവിൽ ഗോപിനാഥ് പാസഞ്ചർ എയർലൈൻസ് രംഗത്തേക്ക് തന്നെ തിരികെയെത്തി…

തിരിച്ചുവരവ്

പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത ഉഡാൻ പദ്ധതിയിലൂടെ എയർ ഡെക്കാൻ തിരിച്ചുവരവ് നടത്തി. എയർ ഡെക്കൻ കൂടാതെ സ്‌പൈസ് ജറ്റ്, ട്രൂജെറ്റ്, എയർ ഒഡീഷ എന്നിവ ഡൽഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്, കാൺപൂർ, പഥാൻകോട്ട്, ഗ്വാളിയാർ അടക്കമുള്ള 70 ചെറിയ നഗരങ്ങളെ ബന്ധിപ്പിച്ച് വിമാന സർവീുകൾ നടത്തി. എയർ ഡെക്കൻ ഗുജറാത്തിലെ അഹമദാബാദ് ആസ്ഥാനമാക്കിയാണ് നിലവിൽ പ്രവർത്തിക്കുന്നത്. 19 സീറ്റുകളുള്ള ബീച്ച് 1900D എയർക്രാഫ്റ്റ് ഉപയോഗിച്ചാണ് എയർ ഡെക്കൻ സർവീസ് നടത്തിയിരുന്നത്. അഹമദാബാദ്, ഭാവ്‌നഗർ, ദിയു, മുന്ദ്ര എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന തരത്തിലാണ് എയർ ഡെക്കാന്റെ സർവീസ്. 2020ൽ പൊട്ടി പുറപ്പെട്ട കൊവിഡ് മഹാമാരിയെ തുടർന്ന് എയർ ഡെക്കാൻ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചു.

gr gopinath life story

ഇന്ത്യയിൽ ആദ്യമായി ഇ-ടിക്കറ്റിംഗ് സംവിധാനം നടപ്പിലാക്കിയത് എയർ ഡെക്കാനാണ്. ഇതിലൂടെ വിമാന കമ്പനികൾക്കും ഉപഭോക്താക്കൾക്കുമിടിയിൽ പ്രവർത്തിച്ചിരുന്ന യാത്രാ ഏജന്റുമാരുടെ റോൾ ഇല്ലാതായി. മുൻപ് മധ്യസ്തരുടെ കമ്മീഷനെല്ലാം നൽകി ലഭിച്ചിരുന്ന ടിക്കറ്റ് കുറഞ്ഞ ചെലവിൽ ഉപഭോക്താക്കളുടെ കൈകളിലേക്ക് എത്തിക്കാനായിരുന്നു ഇത്. വ്യോമയാന രംഗത്ത് ഇത്തരം സമഗ്ര മാറ്റങ്ങൾ കൊണ്ടുവന്നിട്ടും പ്രതീക്ഷിച്ച ഉയരത്തിൽ പറക്കാൻ സാധിച്ചില്ല എന്നതായിരുന്നു ഗോപിനാഥിന്റെ വിധി.

പക്ഷേ ഒരു കാര്യം മറക്കരുത്…! നമ്മൾ സാധാരണക്കാർക്ക് ഒരിക്കലെങ്കിലും വിമാനത്തിൽ കയറാൻ ഇടവന്നിട്ടുണ്ടെങ്കിൽ അത് സാധ്യമാക്കിയത് എയർ ഡക്കാൻ ഉയർത്തിയ വിപ്ലവം കൊണ്ടാണ്.

gr gopinath life story

സാധാരണക്കാരന്റെ പോക്കറ്റിന്റെ വലുപ്പം അളന്നും അറിഞ്ഞും അവനെ ആകാശത്തിൽ പറപ്പിച്ചതിന്റെ കാരണം ജിആർ ഗോപിനാഥിന്റെ ആവേശം ഒന്ന് മാത്രമാണ്…!

Story Highlights gr gopinath life story, soorarai potru

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here