Advertisement

ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നതിലുള്ള കാലതാമസം ഒഴിവാക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചതായി മുഖ്യമന്ത്രി

November 24, 2020
Google News 1 minute Read

സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രയാസം കണക്കിലെടുത്ത് ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നതിലുള്ള കാലതാമസം ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ത്ഥിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 15-ാം ധനകാര്യകമ്മീഷന്റെ ശുപാര്‍ശകള്‍ സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ണമായി കണക്കിലെടുത്തുകൊണ്ടാവണം. സംസ്ഥാന ദുരന്തപ്രതികരണ നിധിയിലെ (എസ്ഡിആര്‍എഫ്) ഫണ്ട് വിനിയോഗത്തിന് സംസ്ഥാനത്തിന് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കണം. കൊവിഡ് ബാധിച്ച് മരിച്ചവരില്‍ അര്‍ഹരായവര്‍ക്ക് സഹായം നല്‍കുന്നതിന് കേന്ദ്രം ഫണ്ട് അനുവദിക്കണമെന്നും പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

കൊവിഡ് മഹാമാരി നേരിടുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയിരുന്നു. കൊവിഡ് പ്രതിരോധം സംബന്ധിച്ച് കേരളം സ്വീകരിക്കുന്ന നടപടികള്‍ ഈ യോഗത്തില്‍ വിശദീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

മഹാമാരി നേരിടുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും സര്‍ക്കാര്‍ വകുപ്പുകളെയും ഏകോപിപ്പിച്ചുകൊണ്ടും രാഷ്ട്രീയ-സാമൂഹ്യ പ്രസ്ഥാനങ്ങളുടെ പിന്തുണ ഉറപ്പാക്കിയും സര്‍ക്കാര്‍ നടത്തുന്ന പ്രതിരോധം വളരെ ഫലപ്രദമാണ്. കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ്് സെന്ററുകള്‍ (എഫ്എല്‍ടിസി) വ്യാപകമായി തുറന്നതുകൊണ്ട് ആശുപത്രികളുടെ മേലുള്ള സമ്മര്‍ദം കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നിലവില്‍ ആശുപത്രികളിലുള്ള കിടക്കകള്‍ക്കു പുറമെ 1426 സ്ഥാപനങ്ങളിലായി 1.24 ലക്ഷം കിടക്കകള്‍ പുതുതായി ഏര്‍പ്പെടുത്തി. ഒക്ടോബര്‍ രണ്ടാം വാരത്തിന് ശേഷം കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്ന പ്രവണതയാണുള്ളത്. ഓരോ ദിവസവും രോഗബാധിതരാകുന്നവരേക്കാള്‍ കൂടുതല്‍ പേര്‍ രോഗമുക്തരാവുന്നുണ്ട് എന്നത് ആശ്വാസകരമാണ്. ഇതുവരെ 5.66 ലക്ഷം പേര്‍ കൊവിഡ് ബാധിതരായിട്ടുണ്ട്. അതില്‍ അഞ്ചുലക്ഷം പേര്‍ രോഗമുക്തരായി. രോഗമുക്തിയുടെ നിരക്ക് കേരളത്തില്‍ നല്ല നിലയില്‍ കുറഞ്ഞുവരുന്നുണ്ട്. മരണനിരക്ക് 0.4 ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞു. രോഗമുള്ളവരെ നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കുക എന്ന തന്ത്രം ഫലപ്രദമായി നടപ്പാക്കിയതുകൊണ്ടും ആരോഗ്യമേഖലയിലെ സജ്ജീകരണങ്ങള്‍കൊണ്ടുമാണ് മരണ നിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞത്. ഇപ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.54 ശതമാനമാണ്. രണ്ടാഴ്ചയായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞുവരികയാണ്.

കൊവിഡ് പരിശോധനയ്ക്ക് വിപുലമായ സൗകര്യങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. സര്‍ക്കാരിലും സ്വകാര്യ മേഖലയിലുമായി ഇപ്പോള്‍ 2,113 ലാബുകളില്‍ ടെസ്റ്റിനുള്ള സൗകര്യമുണ്ട്. ഇതിനകം 58.09 ലക്ഷം ടെസ്റ്റ് നടത്തിക്കഴിഞ്ഞു. ഇതില്‍ 30 ശതമാനം ആര്‍ടിപിസിആര്‍ ടെസ്റ്റുകളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights GST compensation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here