ഐസിസിയുടെ ഈ ദശകത്തിലെ ക്രിക്കറ്റ് പുരസ്കാരങ്ങൾ; എല്ലാ വിഭാഗങ്ങളിലേക്കും കോലിക്ക് നാമനിർദ്ദേശം

ഐസിസിയുടെ ഈ ദശകത്തിലെ ക്രിക്കറ്റ് പുരസ്കാരങ്ങളിൽ കോലിക്ക് അഞ്ച് വിഭാഗങ്ങളിലേക്ക് നാമനിർദ്ദേശം. സാധ്യമായ എല്ലാ വിഭാഗങ്ങളിലും കോലി ഉൾപ്പെട്ടിട്ടുണ്ട്. ദശകത്തിലെ താരം, ദശകത്തിലെ ടെസ്റ്റ്, ഏകദിന, ടി-20 താരം, സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് എന്നീ വിഭാഗങ്ങളാണ് പുരുഷ താരങ്ങൾക്കായി ഉള്ളത്. ഈ വിഭാഗങ്ങളിലെല്ലാം കോലി ഉൾപ്പെട്ടിട്ടുണ്ട്.
ദശകത്തിലെ ക്രിക്കറ്റ് താരങ്ങൾക്കുള്ള നാമനിർദ്ദേശങ്ങളിൽ ആകെ 7 താരങ്ങളുണ്ട്. കോലിക്കൊപ്പം ഇന്ത്യയിൽ നിന്ന് രവിചന്ദ്രൻ അശ്വിനും പട്ടികയിലുണ്ട്. കുമാർ സങ്കക്കാര (ശ്രീലങ്ക), ജോ റൂട്ട് (ഇംഗ്ലണ്ട്), എബി ഡിവില്ല്യേഴ്സ് (ദക്ഷിണാഫ്രിക്ക), സ്റ്റീവ് സ്മിത്ത് (ഓസ്ട്രേലിയ), കെയിൻ വില്ല്യംസൺ (ന്യൂസീലൻഡ്) എന്നിവരാണ് മറ്റ് താരങ്ങൾ.
ടെസ്റ്റ് താരങ്ങൾക്കുള്ള നാമനിർദ്ദേശങ്ങളിലും ഏഴ് താരങ്ങളാണ് ഉള്ളത്. കോലിക്കൊപ്പം ജോ റൂട്ടും സ്റ്റീവ് സ്മിത്തും കെയിൻ വില്ല്യംസണും ഈ പട്ടികയിലുണ്ട്. ഇവരെക്കൂടാതെ (ജെയിംസ് ആൻഡേഴ്സൺ (ഇംഗ്ലണ്ട്), രംഗണ ഹെറാത്ത് (ശ്രീലങ്ക), യാസിർ ഷാ (പാകിസ്താൻ) എന്നിവരാണ് മറ്റ് താരങ്ങൾ.
Read Also : കോലിയുടെ അഭാവം; തിരിച്ചടി പര്യടനത്തിലെ ടെസ്റ്റ് പരമ്പര സംപ്രേഷണം ചെയ്യുന്ന ചാനലിന്
ഏകദിന താരങ്ങളിൽ മൂന്ന് ഇന്ത്യൻ താരങ്ങളുണ്ട്. കോലിയ്ക്കൊപ്പം രോഹിത് ശർമ്മയും എം എസ് ധോണിയും പട്ടികയിൽ ഉൾപ്പെട്ടു. സങ്കക്കാര, ഡിവില്ല്യേഴ്സ് എന്നിവർക്കും നാമനിർദ്ദേശമുണ്ട്. ലസിത് മലിംഗ (ശ്രീലങ്ക), മിച്ച സ്റ്റാർക്ക് (ഓസ്ട്രേലിയ) എന്നിവരാണ് മറ്റു താരങ്ങൾ. ടി-20 താരങ്ങളിൽ രോഹിതും കോലിയുമാണ് ഇന്ത്യൻ താരങ്ങൾ. മലിംഗയും പട്ടികയിലുണ്ട്. റാഷിദ് ഖാൻ (അഫ്ഗാനിസ്ഥാൻ), ഇമ്രാൻ താഹിർ (ദക്ഷിണാഫ്രിക്ക), ആരോൺ ഫിഞ്ച് (ഓസ്ട്രേലിയ), ക്രിസ് ഗെയിൽ (വെസ്റ്റ് ഇൻഡീസ്) എന്നിവർക്കും നാമനിർദ്ദേശം ലഭിച്ചു.
സ്പിരിറ്റ് ഓഫ് ദ ക്രിക്കറ്റിൽ 9 താരങ്ങളുണ്ട്. കോലിക്കൊപ്പം ഇന്ത്യയിൽ നിന്ന് ധോണിയും പട്ടികയിലുണ്ട്. വില്ല്യസൺ, മഹേല ജയവർധനെ (ശ്രീലങ്ക), ഡാനിയൽ വെട്ടോറി (ന്യൂസീലൻഡ്), കാതറിൻ ബ്രണ്ട് (ഇംഗ്ലണ്ട്), ആന്യ ശ്രബ്സോൾ (ഇംഗ്ലണ്ട്), മിസ്ബാഹ് ഉൾ ഹഖ് (പാകിസ്താൻ), ബ്രണ്ടൻ മക്കല്ലം (ന്യൂസീലൻഡ്) എന്നീ താരങ്ങളാണ് ബാക്കിയുള്ളവർ.
വനിതകളിലെ ദശകത്തിലെ താരം, ഏകദിന താരം എന്നീ പട്ടികകളിൽ ഇന്ത്യൻ താരം മിഥാലി രാജ് ഉൾപ്പെട്ടിട്ടുണ്ട്. ഏകദിന താരങ്ങളുടെ പട്ടികയിൽ പേസർ ഝുലൻ ഗോസ്വാമിയും ഉണ്ട്.
ആരാധകർക്ക് വോട്ട് ചെയ്ത് തെരഞ്ഞെടുക്കാവുന്നതാണ് പുരസ്കാരങ്ങൾ.
Story Highlights – icc awards of the decade virat kohli got 5 nominations