കിഫ്ബി ഇതുവരെ അംഗീകാരം നല്‍കിയത് 60,102.51 കോടി രൂപയുടെ 821 പദ്ധതികള്‍ക്ക്: മുഖ്യമന്ത്രി

കിഫ്ബി ഇതുവരെ അംഗീകാരം നല്‍കിയത് 60,102.51 കോടി രൂപയുടെ 821 പദ്ധതികള്‍ക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 20,000 കോടിയുടെ ഭൂമി ഏറ്റെടുക്കല്‍ പദ്ധതികളും ഉള്‍പ്പെടും. 16,191.54 കോടി രൂപയുടെ 433 പദ്ധതികള്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മാണത്തിലേക്ക് കടന്നു. 388 പദ്ധതികളുടെ ടെന്‍ഡറിംഗ് നടപടികള്‍ പുരോഗമിക്കുന്നു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഇഴഞ്ഞു നീങ്ങുകയായിരുന്ന ദേശീയപാതാ വികസനം, കിഫ്ബിയുടെ സഹായത്തോടെ യാഥാര്‍ഥ്യമാവുകയാണ്. 5374 കോടി രൂപ പദ്ധതിയുടെ സംസ്ഥാനവിഹിതമായി കിഫ്ബി വഴി അനുവദിച്ചു കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

3500 കോടിയുടെ മലയോര ഹൈവേ, 6500 കോടിയുടെ തീരദേശ ഹൈവേ, 5200 കോടി രൂപയുടെ ട്രാന്‍സ്ഗ്രിഡ് 2.0 ശൃംഖല, 3178.02 കോടി മുതല്‍ മുടക്കുള്ള ആരോഗ്യപദ്ധതികള്‍, പൊതുവിദ്യാലയങ്ങളുടെ സാങ്കേതിക നിലവാരവും അടിസ്ഥാന സൗകര്യങ്ങളും വര്‍ധിപ്പിക്കുന്നതിനായി 2427.55 കോടി രൂപയുടെ പദ്ധതികള്‍, പട്ടികജാതി-പട്ടികവര്‍ഗ, മത്സ്യത്തൊഴിലാളി വിഭാഗങ്ങളുടെ ഉന്നമനത്തിനായി 1103.58 കോടി രൂപയുടെ പദ്ധതികള്‍ തുടങ്ങി സംസ്ഥാന ചരിത്രത്തില്‍ സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങളാണ് ഇവിടെ കിഫ്ബി വഴി നടപ്പാക്കുന്നത്.

നമ്മുടെ സംസ്ഥാനം ചരിത്രത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത വിപുലവും വേഗതയുള്ളതുമായ വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. കേന്ദ്രം പണം നല്‍കുന്നില്ല, വരുമാന സ്രോതസുകള്‍ അടഞ്ഞു, വിഭവ ലഭ്യത കുറഞ്ഞു എന്നൊന്നും പറഞ്ഞു വികസനത്തിന് അവധി കൊടുക്കാന്‍ ഈ സര്‍ക്കാര്‍ തയാറായിട്ടില്ല. അത്തരം നിസഹായതയല്ല. നാടിന്റെ വളര്‍ച്ച ഉറപ്പാക്കിയേ മുന്നോട്ടുള്ളൂ എന്നതാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ സമീപനം, അതിനു കണ്ടെത്തിയ ബദല്‍ മാര്‍ഗമാണ് കിഫ്ബി. അതിനെ തകര്‍ത്താല്‍ ഈ നാടിനെ തകര്‍ക്കാം എന്ന് കരുതുന്നവര്‍ക്ക് വഴങ്ങും എന്ന ധാരണ ആരും വെച്ചു പുലര്‍ത്തേണ്ടതില്ല.

ഈ നേട്ടങ്ങള്‍ കിഫ്ബിയുടെ സാധ്യത നാടിനുവേണ്ടി ഉപയോഗിച്ചതിന്റെ ഫലമായി ഉണ്ടായതാണ്. ഇതിനെയല്ലേ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്? കിഫ്ബിയെക്കുറിച്ച് വ്യാജകഥകളും അപവാദവും പ്രചരിപ്പിക്കുന്നവര്‍ നാടിന്റെയും ജനങ്ങളുടെയും ശത്രുക്കളാണ്. നാട് നശിച്ചുകാണാന്‍ കൊതിക്കുന്നവരാണ്. അത്തരക്കാരുടെ മനോവൈകല്യത്തിന് വഴങ്ങാന്‍ ഈ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല.

ആര് എതിര്‍ത്താലും കിഫ്ബി പദ്ധതികള്‍ ഉപേക്ഷിക്കില്ല. പ്രതിപക്ഷനേതാവ് എതിര്‍ത്താലും അദ്ദേഹത്തിന്റെ ഹരിപ്പാട് നിയോജക മണ്ഡലത്തിലെ കിഫ്ബി പദ്ധതികള്‍ ഉപേക്ഷിക്കാന്‍ പോകുന്നില്ല. ഒരു പ്രതിപക്ഷ എംഎല്‍എയുടെയും മണ്ഡലത്തിലെ ഒരു കിഫ്ബി പദ്ധതിയും ഉപേക്ഷിക്കില്ല. കാരണം ഈ നാടിനുവേണ്ടിയുള്ള പദ്ധതികളാണത്. ഞങ്ങള്‍ ഈ നാടിനെയും ജനങ്ങളെയുമാണ് കാണുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെയും പ്രതികൂലാവസ്ഥയുടെയും വെല്ലുവിളിയ്ക്കു മുന്നില്‍ പ്രതിമപോലെ നിസഹായമായി നില്‍ക്കാനല്ല ഈ സര്‍ക്കാരിനെ ജനങ്ങള്‍ തെരഞ്ഞെടുത്തത്. ഈ നാട് തളര്‍ന്നുപോകരുത്. ഇവിടെ വളര്‍ച്ച മുരടിക്കരുത്. വികസനം സാധ്യമാകണം. അതിനുള്ള ഉപാധിയാണ് കിഫ്ബി. അതിനെ തകര്‍ക്കാന്‍ ഏതു ശക്തിവന്നാലും ചെറുക്കുക തന്നെ ചെയ്യും. അത് ഈ നാടിന്റെ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights Kifby approved 821 projects worth Rs 60102.51 crore

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top