ഫുട്‌ബോള്‍ ലോകത്തെ രാജാവ്; ദാരിദ്ര്യത്തോട് പടവെട്ടിയ ജീവിതം

ഫുട്‌ബോള്‍ ലോകത്തെ രാജാവായി വളര്‍ന്ന കഥയാണ് ഡീഗോ മറഡോണയുടേത്. ഫുട്‌ബോളില്‍ കാലിനൊപ്പം കൈകൊണ്ടും ചരിത്രം രചിച്ച ഇതിഹാസ താരം.

ബ്യൂണസ് അയേഴ്‌സിന്റെ തെക്കന്‍ പ്രാന്തപ്രദേശത്തെ ചേരിയിലെ ഒരു ദരിദ്രകുടുംബത്തിലായിരുന്നു 1960 ഒക്ടോബര്‍ 30 ന് മറഡോണ ജനിച്ചത്. അര്‍ജന്റീനയിലെ കൊറിയന്റസ് പ്രവിശ്യയില്‍ നിന്നും ബ്യൂണസ് അയേഴ്‌സിലേക്ക് കുടിയേറിയതായിരുന്നു മറഡോണയുടെ കുടുംബം. പത്താം വയസില്‍ തദ്ദേശീയ ക്ലബായ എസ്‌ട്രെല്ല റോജാക്ക് വേണ്ടി കളിക്കുമ്പോള്‍ത്തന്നെ തന്റെ പ്രകടനങ്ങള്‍ കൊണ്ട് മറഡോണ ശ്രദ്ധേയനായിരുന്നു.

Read Also : ഡീഗോ മറഡോണ; കാലിൽ ലോകം കൊരുത്തോടിയ മനുഷ്യൻ

16 വയസാവുന്നതിനു മുന്‍പേ അര്‍ജന്റിനോസ് ജൂനിയേഴ്‌സിനു വേണ്ടി ഒന്നാം ഡിവിഷണില്‍ കളിക്കാനാരംഭിച്ചു. അര്‍ജന്റീന പ്രൊഫഷണല്‍ ലീഗില്‍ കളിക്കാനിറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ മറഡോണയായിരുന്നു. 1976 മുതല്‍ 1981 വരെയുള്ള കാലയളവില്‍ അര്‍ജന്റീനോസ് ജൂനിയേഴ്‌സിനു വേണ്ടി മറഡോണ 167 മത്സരങ്ങള്‍ കളിക്കുകയും അതില്‍ നിന്ന് 115 ഗോളുകള്‍ നേടുകയും ചെയ്തു.

1981 ഫെബ്രുവരി 20 ന് മറഡോണ ബൊകാ ജൂനിയേഴ്‌സിലേക്ക് മാറി. 1982 മുതല്‍ 1994 വരെയുള്ള നാല് ലോകകപ്പുകളില്‍ അര്‍ജന്റീനക്കു വേണ്ടി മറഡോണ കളിച്ചിട്ടുണ്ട്. അതില്‍ 1986-ലെ ലോകകപ്പാണ് ഏറ്റവും അവിസ്മരണീയമാക്കിയത്. മറഡോണയുടെ നായകത്വത്തില്‍ കളിച്ച അര്‍ജന്റീന ടീം ഫൈനലില്‍ പശ്ചിമജര്‍മ്മനിയെ പരാജയപ്പെടുത്തി ഈ ലോകകപ്പ് നേടുകയും മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ മറഡോണ സ്വന്തമാക്കുകയും ചെയ്തു. ഈ ടൂര്‍ണമെന്റിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയുള്ള കളിയില്‍ മറഡോണ നേടിയ രണ്ടു ഗോളുകള്‍ ചരിത്രത്തിലിടംപിടിച്ചു.

റഫറിയുടെ ശ്രദ്ധയില്‍പ്പെടാതെ കൈ കൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോള്‍ ദൈവത്തിന്റെ കൈ എന്ന പേരിലും, ആറ് ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച് 60 മീറ്റര്‍ ഓടി നേടിയ രണ്ടാം ഗോള്‍ നൂറ്റാണ്ടിന്റെ ഗോള്‍ ആയും വിശേഷിപ്പിക്കപ്പെടുന്നു. കളിയില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് അര്‍ജന്റീന ഇംഗ്ലണ്ടിന്റെ തോല്‍പ്പിച്ചു.

Story Highlights Argentina football legend Diego Maradona

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top