കൊല്ലം മൈലത്തെ സ്ഥാനാർത്ഥി നിർണയം; സിപിഐഎം വിമതരും സിപിഐഎം പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ

കൊല്ലം മൈലം പഞ്ചായത്തിലെ സ്ഥാനാർത്ഥി നിർണയ തർക്കത്തിൽ സിപിഐഎം വിമതരും സിപിഐഎം പ്രവർത്തകരും തമ്മിലടിച്ചു. പരുക്കേറ്റ ആറു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . വിമതരും പാർട്ടി പ്രവർത്തകരുമടക്കം ഏഴു പേരെ വധശ്രമത്തിന് അറസ്റ്റ് ചെയ്തു.
കൊല്ലം ജില്ലയിൽ സിപിഎമ്മിന് വിമതന്മാർ ഏറ്റവും തലവേദനയുണ്ടാക്കുന്ന പഞ്ചായത്താണ് മൈലം. പഞ്ചായത്ത് മുൻ പ്രസിഡൻറ് അടക്കം 10 പേരാണ് ഇടതു വിമതന്മാരായി രംഗത്തുള്ളത്. സിപിഎമ്മിന്റെ നാല് സ്ഥാനാർത്ഥികൾക്കെതിരെയും സിപിഐ കേരള കോൺഗ്രസ് സ്ഥാനാർത്ഥികൾക്കെതിരെയും ഇടതുപക്ഷക്കാർ തന്നെ രംഗത്തുണ്ട്. സിപിഎം മുൻ ലോക്കൽ സെക്രട്ടറി ശ്രീകുമാർ അടക്കമുള്ളവർ വിമതരായി രംഗത്ത് എത്തിയതും പാർട്ടിക്ക് തിരിച്ചടിയായി.
വിമതരും പാർട്ടി പ്രവർത്തകരും തമ്മിലുള്ള പോരാട്ട വീര്യം അവസാനം കൈയേറ്റത്തിലാണ് അവസാനിച്ചത്. ശ്രീകുമാറിനെ അനുകൂലിക്കുന്ന വിമതന്മാരും പാർട്ടി പ്രവർത്തകരും തമ്മിൽ ഇന്നലെ അർദ്ധരാത്രിയോടെ ഏറ്റുമുട്ടി. ഒരാൾക്ക് തലയ്ക്ക് പരുക്കേറ്റതടക്കം ആറുപേർക്ക് പരുക്കേറ്റു. ഇരുവിഭാഗങ്ങളിൽ നിന്നുമായി ഏഴു പേർക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. അറസ്റ്റിലായവരെ കൊവിഡ് പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.
പഞ്ചായത്തിലെ ഇടത്-വലതു മുന്നണികളിലായി 15 പേരാണ് വിമതരായി മൽസരിക്കുന്നത്.
Story Highlights – kollam mailam cpim worker rebel clash
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here