Advertisement

കിഫ്ബിയെ പരിഹസിച്ച് കുമ്മനം രാജശേഖരന്‍

November 25, 2020
Google News 1 minute Read

കിഫ്ബിയെ പരിഹസിച്ച് മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. കിഫ്ബിയില്‍ കടംവാങ്ങല്‍ മാത്രമാണ് നടക്കുന്നത്. എല്ലായിടത്തും പോയി കടം വാങ്ങുന്നതില്‍ എന്ത് മിടുക്കാനുള്ളതെന്നും അദ്ദേഹം ചോദിച്ചു. ഇങ്ങനെ വാങ്ങുന്ന പണം ധൂര്‍ത്തടിക്കുകയാണ് സര്‍ക്കാരെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

അതേസമയം, കിഫ്ബിയെ തകര്‍ക്കുന്ന നിലപാട് ആരുടേതായാലും നാട് അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു. കേരള വികസനം തകര്‍ക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് കരട് റിപ്പോര്‍ട്ടില്‍ പറയാത്ത കാര്യങ്ങള്‍ സിഎജിയുടെ അന്തിമ റിപ്പോര്‍ട്ടിലുണ്ടായത്. വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി മുന്നേറുന്ന കേരളത്തിലെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്കു പിന്നാലെ, സിഎജിയെയും നിയോഗിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇതിനൊന്നിനും വഴങ്ങുന്ന പ്രശ്നമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

1999 ല്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്താണ് കിഫ്ബി സ്ഥാപിതമായത്. 1999 മുതല്‍ 2016 വരെ കിഫ്ബി മൂന്നുതവണ ധനസമാഹരണം നടത്തിയിട്ടുണ്ട്. ഒരു തവണ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും രണ്ടു തവണ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുമായിരുന്നു അത്.

1999 ലാണ് ആദ്യമായി കിഫ്ബി കടമെടുക്കുന്നത്. അന്ന് 13.25 ശതമാനം പലിശയ്ക്കാണ് 507.06 കോടി എടുത്തത്. തുടര്‍ന്നുള്ള രണ്ടു ലോണുകള്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2002 ല്‍ 10.5 ശതമാനം പലിശയ്ക്ക് 10.74 കോടി രൂപയും, 2003ല്‍ 11 ശതമാനം പലിശയ്ക്ക് 505.91 കോടി രൂപയുമാണ് എടുത്തത്. അന്ന് ആക്ടില്‍ നിഷ്‌കര്‍ഷിക്കുന്ന വ്യവസ്ഥ പ്രകാരം കടമെടുത്ത പണം സംസ്ഥാന ട്രഷറിയില്‍ ഇടാമായിരുന്നു. ഈ തുക അന്നത്തെ സാമ്പത്തിക പ്രതിസന്ധിയെതുടര്‍ന്ന് സര്‍ക്കാരിന്റെ ദൈനംദിന ചെലവുകള്‍ക്കായി വകമാറ്റി ചിലവഴിച്ചു. അതിനാല്‍ കിഫ്ബി വഴി നടത്താനുദ്ദേശിച്ച പദ്ധതികളൊന്നും നടപ്പാക്കാന്‍ കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights kummanam rajasekharan, kiifb

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here