സിഗരറ്റ് കത്തിക്കാൻ തീപ്പെട്ടി നൽകിയില്ല; മധ്യപ്രദേശിൽ ദളിത് വയോധികനെ അടിച്ചുകൊന്നു

സിഗരറ്റ് കത്തിക്കാൻ തീപ്പെട്ടി നൽകിയില്ലെന്ന കാരണത്താൽ മധ്യപ്രദേശിൽ ദളിത് വയോധികനെ അടിച്ചുകൊന്നു. 50കാരനായ ലാൽജി റാം അഹിർവാർ എന്നയാളെയാണ് യാഷ് യാദവ്, അങ്കേഷ് യാദവ് എന്ന രണ്ട് യുവാക്കൾ ചേർന്ന് മർദ്ദിച്ചുകൊന്നത്. മധ്യപ്രദേശിലെ കാരോഡ് ഗ്രാമത്തിലാണ് സംഭവം.
പാടത്ത് വിശ്രമിക്കുകയായിരുന്ന ലാൽജിയോട് യുവാക്കൾ സിഗരറ്റ് കത്തിക്കാൻ തീപ്പെട്ടി ആവശ്യപ്പെട്ടു. എന്നാൽ, ഇയാൾ തീപ്പെട്ടി നൽകാൻ തയ്യാറായില്ല. ഇതേതുടർന്ന് ഇവർക്കിടയിൽ വാക്കുതർക്കം ഉണ്ടാവുകയും യുവാക്കൾ ചേർന്ന് ഇയാളെ അടിച്ചുകൊല്ലുകയുമായിരുന്നു. വടി കൊണ്ടുള്ള അടിയേറ്റ് ഗുരുതരമായി പരുക്കേറ്റ ലാൽജിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ആശുപത്രിയിൽ വെച്ച് അയാൾ മരണപ്പെടുകയായിരുന്നു.
പ്രതികളെ അറസ്റ്റ് ചെയ്തു എന്ന് പൊലീസ് അറിയിച്ചു. മരിച്ചയാളുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ 8.25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
Story Highlights – Dalit Man Beaten To Death In Madhya Pradesh Over Matchbox
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here