പരിശോധന നടത്തിയ ശാഖകളിൽ വീഴ്ച കണ്ടെത്താനായില്ല; വിജിലൻസിനെതിരെ കെഎസ്എഫ്ഇ ചെയർമാൻ

വിജിലൻസിനെതിരെ കെഎസ്എഫ്ഇ രംഗത്ത്. പരിശോധന നടത്തിയ ശാഖകളിൽ വീഴ്ച കണ്ടെത്താനായില്ലെന്ന് കെഎസ്എഫ്ഇ ചെയർമാൻ ഫിലിപ്പോസ് തോമസ് പറഞ്ഞു. ആഭ്യന്തര ഒാഡിറ്റിന് ശേഷമാണ് ചെയർമാന്റെ വിശദീകരണം.
പരിശോധന നടത്തിയ ശാഖകളിൽ ക്രമക്കേടില്ല. വിജിലൻസ് പ്രാഥമിക കാര്യങ്ങൾ പോലും അറിയാതെയാണ് പരിശോധനയ്ക്ക് വന്നത്. റെയ്ഡിനെത്തിയ ഉദ്യോഗസ്ഥർ വേഗത്തിൽ മടങ്ങി. പ്രത്യേകിച്ച് ഒന്നും കണ്ടെത്താനായില്ല. സ്വർണം സൂക്ഷിച്ചതിൽ വീഴ്ച സംഭവിച്ചുവെന്നത് ആരോപണം മാത്രമെന്നും ചെയർമാൻ വിശദീകരിച്ചു.
കെഎസ്എഫ്ഇ ചിട്ടികളിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് സംസ്ഥാന വ്യാപകമായി വിജിലന്‍സ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. ബ്രാഞ്ച് മാനേജര്‍മാരുടെ ഒത്താശയോടെ ചില വ്യക്തികള്‍ ബിനാമി ഇടപാടില്‍ ക്രമക്കേട് നടത്തുന്നുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു വിജിലന്‍സ് നടപടി. 40 ബ്രാഞ്ചുകളില്‍ പരിശോധന നടത്തിയതില്‍ 20 ബ്രാഞ്ചുകളില്‍ വ്യാപക ക്രമക്കേടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഇതിനു പുറമേ 10 ബ്രാഞ്ചുകളില്‍ ചെറിയ രീതിയിലുള്ള ക്രമക്കേടുകളും കണ്ടെത്തിയിട്ടുണ്ട്.
കൊള്ള ചിട്ടിയാണ് പ്രധാനമായും വിജിലന്‍സ് സ്ഥിരീകരിക്കുന്ന ക്രമക്കേടുകളിലൊന്ന്. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇടപാടുകളില്‍ വ്യക്തതയില്ലായ്മ കണ്ടെത്തിയത്. ഇതിനു പുറമേ പണം വകമാറ്റി ചെലവിട്ടുവെന്നത് സംബന്ധിച്ചും വിജിലന്‍സിന് തെളിവ് ലഭിച്ചിരുന്നുവെന്നാണ് വിവരം.
Story Highlights – KSFE, Vigilance raid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here