തെക്കൻ കേരളം ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ ആദ്യ ഘട്ടമായ പ്രീ സൈക്ലോൺ വാച്ചിൽ

southern kerala under pre cyclone watch

ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദം നാളെ പുലർച്ചയോടെ ചുഴലിക്കാറ്റാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബുധനാഴ്ച വൈകുന്നേരത്തോടെ ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരം തൊടും. തെക്കൻ കേരളവും തെക്കൻ തമിഴ്നാടും ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ ആദ്യ ഘട്ടമായ പ്രീ സൈക്ലോൺ വാച്ചിൽ. 

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തി പ്രാപിച്ച് തീവ്ര ന്യൂനമർദ്ദമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടുതൽ ശക്തി പ്രാപിച്ച് നാളെ പുലർച്ചയോടെ ചുഴലിക്കാറ്റായിമാറാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്. ‘ബുറേവി’ ചുഴലിക്കാറ്റ് ബുധനാഴ്ച്ച വൈകുന്നേരത്തോടെ മണിക്കൂറിൽ പരമാവധി 90 കിലോമീറ്റർ വരെ വേഗതയിൽ ശ്രീലങ്കൻ തീരം തൊടാൻ സാധ്യതയെന്നാണ് നിലവിലെ പ്രവചനം. തുടർന്ന് വ്യാഴാഴ്ച്ചയോടെ കന്യാകുമാരി തീരത്ത് എത്താനുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കും കാറ്റിനുമാണ് സാധ്യത.തെക്കൻ കേരളത്തിൽ മഴ കനത്തേക്കുമെന്ന് മുന്നറിയിപ്പ്. ബുധനാഴ്ച്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ടും, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്ക് സാധ്യത പ്രവചിച്ച വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ റെഡ് അലേർട്ടും കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പും നൽകി. തെക്കൻ ജില്ലകളിൽ വെള്ളിയാഴ്ച്ചയും ഓറഞ്ച് മുന്നറിയിപ്പുണ്ട്.

പൊതുജനങ്ങൾ ജാഗ്രത പാലിക്കുകയും സർക്കാർ സംവിധാനങ്ങളോട് മുൻകരുതൽ നടപടികൾ സ്വീകരിക്കാനും ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശം നൽകി. കടൽ അതി പ്രക്ഷുബ്ദ്ധമാകാനും  അതിശക്തമായ കാറ്റ് വീശാനും സാധ്യതയുള്ളതിനാൽ ഇന്ന് അർധരാത്രി മുതൽ കേരള തീരത്ത് മത്സ്യ ബന്ധനത്തിന് സമ്പൂർണ വിലക്ക് ഏർപ്പെടുത്തി. തിരുവനന്തപുരം ജില്ലയിൽ അതിജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. താലൂക്ക് ഓഫിസുകളിൽ കൺട്രോൾ റൂമുകൾ തുറക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

Story Highlights southern kerala under pre cyclone watch

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top