സംസ്ഥാനത്ത് വേനൽ മഴയിൽ രണ്ട് മരണം;വിവിധയിടങ്ങളിൽ മഴക്കെടുതി; നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വേനൽ മഴയിൽ രണ്ട് മരണം. കോഴിക്കോട് ചാത്തമംഗലത്ത് വീട്ടമ്മ മിന്നലേറ്റ് മരിച്ചു. ഇടുക്കിയിൽ കനത്ത മഴയിൽ കല്ലും മണ്ണും ദേഹത്ത് വീണ് തമിഴ്നാട് സ്വദേശി അയ്യാവാണ് മരിച്ചത്. മുണ്ടക്കയത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു. ഇന്ന് ആറ് ജില്ലകളിലും നാളെ നാല് ജില്ലകളിലുമാണ് യെല്ലോ അലർട്ട്.
ഏലത്തോട്ടത്തിൽ ജോലി ചെയ്യവെയാണ് ഇടുക്കി അയ്യപ്പൻകോവിൽ സുൽത്താനിയായിൽ താമസിക്കുന്ന അയ്യാവു മരിച്ചത്. കല്ലും മണ്ണും ദേഹത്തേയ്ക്ക് പതിയ്ക്കുകയായിരുന്നു. ചാത്തമംഗലം താത്തൂർ എറക്കോട്ടുമ്മൽ ഫാത്തിമ ആണ് മിന്നലേറ്റ് മരിച്ചത്. വൈകിട്ടോടെയായിരുന്നു അപകടം.
ഉച്ചയ്ക്കുശേഷം പെയ്ത ശക്തമായ മഴയ്ക്ക് പിന്നാലെയുണ്ടായ ഇടിമിന്നലിൽ ഇടുക്കി നെടുങ്കണ്ടത്തും തിരുവനന്തപുരം വെള്ളറയിലും വീട് തകർന്നു. ഇടുക്കിയിൽ പ്രകാശ്ഗ്രാം പാറയിൽ ശശിധരന്റെ വീടും വെള്ളറട,കിളിയൂരിൽ സത്യരാജിന്റെ വീടുമാണ് തകർന്നത്. പാലക്കാട് അമ്പലപ്പാറയിൽ ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നു.
Read Also: പത്തനംതിട്ടയിൽ മയക്ക് മരുന്ന് കേസുകളിൽ 40 ഇരട്ടി വർധന; 2012ൽ മയക്കുമരുന്ന് കേസുകൾ 12എണ്ണം മാത്രം
മുണ്ടക്കയത്ത് വരിക്കാനിയിലെ തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളികൾക്ക് മിന്നലേറ്റു. എട്ടുപേർക്കാണ് മിന്നൽ ഏറ്റത്. കൊച്ചിയിലും പത്തനംതിട്ടയിലും വിവിധ ഇടങ്ങളിൽ പരക്കെ വേനൽ മഴ ലഭിച്ചു. ശക്തമായ മഴയിൽ പത്തനംതിട്ട കനറാ ബാങ്ക് ശാഖയിലും എടിഎമ്മലും വെള്ളം കയറി.
വേനൽ മഴ രണ്ടു ദിവസം കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, നാളെ തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, വയനാട് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. തെക്കൻ തമിഴ് നാടിന് മുകളിലും തെക്കൻ ആൻഡമാൻ കടലിന് മുകളിലുമായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയും,അറബിക്കടലിൽ നിന്നും ബംഗാൾ ഉൾക്കടലിൽ നിന്നും വരുന്ന കാറ്റുമാണ് മഴയ്ക്ക് കാരണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കന്യാകുമാരി തീരത്ത് രാത്രി വരെ കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത ഉണ്ട്.
Story Highlights : Two deaths due to summer rains in Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here