ന്യൂനമര്‍ദ്ദം; എറണാകുളത്ത് ദുരന്ത നിവാരണ അതോറിറ്റി യോഗം ചേര്‍ന്നു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം അതിതീവ്രമായതിനെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ചര്‍ച്ച ചെയ്യാന്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തിര വീഡിയോ കോണ്‍ഫറന്‍സ് ചേര്‍ന്നു. ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ ജില്ലാ കളക്ടര്‍ എസ്.സുഹാസ് ഉദ്യോഗസ്ഥര്‍ക്ക് ഏതു സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടത്താന്‍ നിര്‍ദേശം നല്‍കി. വിവിധ വകുപ്പുമേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു.
കടലില്‍ മത്സ്യബന്ധനത്തിനു പോയവരോട് തിരിച്ചെത്തുന്നതിനുള്ള അറിയിപ്പ് നല്‍കാന്‍ ഫിഷറീസ് വകുപ്പിനോട് കളക്ടര്‍ നിര്‍ദേശിച്ചു. നവംബര്‍ 30 മുതല്‍ മീന്‍ പിടുത്ത നിരോധനം കര്‍ശനമായി പാലിക്കാനും നിര്‍ദേശം നല്‍കി. തദ്ദേശ സ്ഥാപനങ്ങള്‍ ദുരിതാശ്വാസ കാമ്പുകള്‍ ആരംഭിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കണം. മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തന സജ്ജമാക്കണം. മണ്ണിടിച്ചില്‍ മേഖലയില്‍ താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പുകള്‍ കൃത്യസമയത്തു കൈമാറുകയും മാറ്റി താമസിപ്പിക്കേണ്ട വരെ മാറ്റുകയും വേണം. കെഎസ്ഇബിയും മുന്‍കരുതലുകള്‍ സ്വീകരിക്കണം.
ഓറഞ്ച് അലേര്‍ട്ടുള്ളപ്പോള്‍ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തി വെക്കാനുള്ള ഉത്തരവിറക്കാന്‍
ജില്ലാ ജിയോളജിസ്റ്റിനോട് കളക്ടര്‍ നിര്‍ദേശം നല്‍കി. ശക്തമായ മഴ പെയ്താല്‍ ജില്ലയിലെ ഉയര്‍ന്ന പ്രദേശങ്ങളിലേക്കുള്ള യാത്ര നിരോധിക്കാനും പൊലീസിനോട് നിര്‍ദേശിച്ചു. ഡിസംബര്‍ ഒന്നുമുതല്‍ മൂന്നു വരെ വൈകീട്ട് 7 മുതല്‍ രാവിലെ 7 വരെയുള്ള പശ്ചിമഘട്ട മേഖലയില്‍ കൂടിയുള്ള യാത്രയും നിരോധിച്ചു. ജില്ലയിലെ ഡാമുകളിലെ വെള്ളത്തിന്റെ നില കൃത്യമായി അറിയിക്കുന്നതിനായി ഇറിഗേഷന്‍ വകുപ്പിനെയും കളക്ടര്‍ ചുമതലപ്പെടുത്തി.
Story Highlights – Low pressure; Disaster Management Authority meeting convened at Ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here