Advertisement

കര്‍ഷക പ്രക്ഷോഭം: കേന്ദ്ര സര്‍ക്കാര്‍ സ്വയം തിരുത്തി മുന്‍പോട്ട് പോകാന്‍ തയാറാകണമെന്ന് മുഖ്യമന്ത്രി

December 1, 2020
Google News 1 minute Read

കര്‍ഷക പോരാട്ടം രാജ്യത്തിന്റെയാകെയുള്ള പ്രതിഷേധ വേലിയേറ്റമായി മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യ കണ്ട ഏറ്റവും പ്രക്ഷുബ്ധമായ ജനമുന്നേറ്റമായി അത് ഉയരുന്ന അനുഭവമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടാകുന്നത്. 90 കളില്‍ കോണ്‍ഗ്രസിന്റെ കൈപിടിച്ച് നിയോലിബറല്‍ നയങ്ങള്‍ രാജ്യത്ത് അരങ്ങേറിയത് മുതല്‍ക്കുള്ള ചരിത്രം ഈ പോരാട്ടത്തിന്റെ പിന്നിലുണ്ട്. കടം കയറി ആത്മാഹൂതി ചെയ്യേണ്ടി വന്ന മൂന്നര ലക്ഷത്തിലധികം കര്‍ഷകരുടെ കണ്ണീരിലും ചോരയിലും കുതിര്‍ന്ന ചരിത്രമാണത്. അവശേഷിച്ച പ്രതീക്ഷയും കവര്‍ന്നെടുത്തപ്പോളാണ് ഇന്നവര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുന്നത്. കാലങ്ങളായി രാജ്യം ഭരിച്ച; ഭൂരിഭാഗം സംസ്ഥാനങ്ങളും ഭരിച്ച, ബിജെപിയും കോണ്‍ഗ്രസും ഉള്‍പ്പെട്ട വലതുപക്ഷ പാര്‍ട്ടികളുടെ കോര്‍പറേറ്റ് ദാസ്യത്തിന്റെ ഇരകളാണ് കര്‍ഷകരെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷക സമൂഹത്തിന്റെ ആശങ്കകളെ പരിഹരിക്കുന്നതിനു പകരം കേന്ദ്ര സര്‍ക്കാര്‍ സമരത്തെ അടിച്ചമര്‍ത്തുന്ന കാഴ്ചയാണ് കാണുന്നത്. മര്‍ദ്ദനമുറകള്‍ ഉപയോഗിച്ചു കര്‍ഷകരെ നേരിടുകയാണ്. എന്തിനാണ് കര്‍ഷകരെ ഭയക്കുന്നത്? അവരുടെ ന്യായമായ ആവശ്യങ്ങള്‍ ചെവിക്കൊള്ളാത്തതെന്തുകൊണ്ടാണ്? ഈ ചോദ്യങ്ങള്‍ പൊതുസമൂഹം ഉറക്കെ ചോദിക്കുന്ന സാഹചര്യം സംജാതമായിരിക്കുന്നു.

ഇനിയെങ്കിലും കര്‍ഷകരെ ശത്രുക്കളെപ്പോലെ പരിഗണിക്കുന്ന സമീപനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണം. അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് സമരം ഒത്തു തീര്‍പ്പാക്കണം. ക്രിയാത്മകവും ആത്മാര്‍ത്ഥവുമായ കൂടിയാലോചനയ്ക്കു കേന്ദ്ര സര്‍ക്കാര്‍ തയാറാകണം. കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണം. അവരുടെ ആശങ്കകള്‍ പരിഹരിച്ചു കൊണ്ട് കര്‍ഷകര്‍ക്കനുകൂലമായ നയങ്ങളുമായി മുന്‍പോട്ടു പോകണം. കര്‍ഷകരുടെ സുരക്ഷിതമായ ജീവിതം ഈ നാടിന്റെ ശോഭനമായ ഭാവിയ്ക്ക് അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ സ്വയം തിരുത്തി മുന്‍പോട്ട് പോകാന്‍ തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights farmers protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here