മേയര്‍ ആരാകും? ത്രികോണ മത്സരച്ചൂടില്‍ തിരുവനന്തപുരം കോര്‍പറേഷന്‍

trivandrum corporation

തദ്ദേശതെരഞ്ഞെടുപ്പില്‍ അഭിമാനപ്പോരാട്ടം നടക്കുന്ന കോര്‍പറേഷനുകളില്‍ ഒന്നാണ് തിരുവനന്തപുരം. നറുക്കെടുപ്പിലൂടെ മേയര്‍ സ്ഥാനം വനിതയ്ക്ക് സംവരണം ചെയ്ത കോര്‍പറേഷനില്‍ കൂടുതല്‍ വനിതകളെ രംഗത്തിക്കിയാണ് മുന്നണികള്‍ കളം പിടിക്കാനൊരുങ്ങുന്നത്. അതേ സമയം ആരായിരിക്കും വരുന്ന ഭരണസമിതിയില്‍ മേയറാകുകയെന്ന ചര്‍ച്ചയും സജീവമാണ്.

വലിയ പ്രതീക്ഷയോടെയാണ് എന്‍ഡിഎ തിരുവനന്തപുരം നഗരസഭയില്‍ പോരാട്ടം കാഴ്ച വയ്ക്കുന്നത്. ഇത്തവണ ഭരണത്തിലേറാന്‍ അനുകൂല സാഹചര്യമുണ്ടെന്നും എന്‍ഡിഎ വിലയിരുത്തുന്നു. 100 സീറ്റുള്ള കോര്‍പറേഷനില്‍ 57 വനിതകളെയാണ് എന്‍ഡിഎ രംഗത്തിറക്കിയിരിക്കുന്നത്.

ഭരണം നിലനിര്‍ത്താന്‍ സാധിക്കുമെന്ന് എല്‍ഡിഎഫ് കണക്കുകൂട്ടുന്നുണ്ട്. പല വാര്‍ഡുകളിലും കടുത്ത മത്സരമാണ് നടക്കുന്നത്. 57 വനിതാ സ്ഥാനാര്‍ത്ഥികള്‍ എല്‍ഡിഎഫിനായും മത്സര രംഗത്ത് ഉണ്ട്.

കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്ത് പോയ യുഡിഎഫ് 53 വനിതകളെയാണ് രംഗത്തിറക്കിയത്. മുന്നണികള്‍ മേയര്‍ സ്ഥാനാര്‍ത്ഥിയാരെന്നത് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

എന്നാല്‍ എല്‍ഡി എഫ് കുന്നുകുഴി വാര്‍ഡില്‍ മത്സരിക്കുന്ന എ ജി ഒലീനയെയും നെടുങ്കാട് വാര്‍ഡിലെ എസ് പുഷ്പലതയേയും മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് സൂചന. എന്നാല്‍ പാര്‍ട്ടി തീരുമാനിക്കുമെന്നാണ് സ്ഥാനാര്‍ത്ഥികളുടെ പക്ഷം.

എന്‍ഡിഎ ചാല വാര്‍ഡ് സ്ഥാനാര്‍ഥി സിമി ജ്യോതിഷിന്റെ പേര് മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് വിവരം. അതേസമയം നില മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന യുഡിഎഫില്‍ മേയര്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമല്ല.

Story Highlights local body election, trivandum corporation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top