അഗ്രഗേറ്റര്‍ ലൈസന്‍സ്, കെഎസ്ആര്‍ടിസി ക്രൂ ചേയ്ഞ്ച്; ഗതാഗത മന്ത്രി അടിയന്തര യോഗം വിളിച്ചു

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന അഗ്രഗേറ്റര്‍ ലൈസന്‍സ് സംവിധാനത്തെ സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിനായി ഗതാഗത വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന്‍ അടിയന്തര ഉന്നതതലയോഗം വിളിച്ചു. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ കൊണ്ടുവന്ന പുതിയ വ്യവസ്ഥ പ്രകാരം രാജ്യവ്യാപകമായി ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളിലെ യാത്രക്കാര്‍ക്കുവേണ്ടി യാത്രാ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് അനുമതി നല്‍കികൊണ്ടുള്ള അഗ്രഗേറ്റര്‍ ലൈസന്‍സ് സംവിധാനം സംസ്ഥാനത്തെ പൊതുഗതാഗത മേഖലയെ ദോഷകരമായ രീതിയില്‍ ബാധിക്കുമോ തുടങ്ങിയ വിവിധ പ്രായോഗിക വശങ്ങള്‍ പരിശോധിക്കുമെന്ന് ഗതാഗത വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു.
ഇക്കഴിഞ്ഞ നവംബര്‍ 26-ാം തിയതിയാണ് സംസ്ഥാനങ്ങള്‍ക്ക് നടപ്പിലാക്കാവുന്ന വിധം മോട്ടോര്‍ വെഹിക്കിള്‍ അഗ്രഗേറ്റേഴ്സ് ലൈസന്‍സ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ളത്. പ്രസ്തുത ഗൈഡ് ലൈന്‍സ് പ്രകാരം ഇലക്ട്രോണിക് ആപ്പ് വഴി യാത്രക്കാര്‍ക്ക് യാത്രാ സംവിധാനം ഒരുക്കുന്നതിനുള്ള ലൈസന്‍സ് നല്‍കുന്നതിനാണ് ഉദ്ദേശിച്ചിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങള്‍ ഈ സംവിധാനം നടപ്പിലാക്കുന്ന പക്ഷം ആയത് കേരളത്തിലെ പൊതുഗതാഗത രംഗത്തെ ബാധിക്കുമോ എന്ന് തുടങ്ങിയ വിവിധ വശങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. ഡിസംബര്‍ 4-ാം തിയതി രാവിലെ 10.30 മണിക്കാണ് യോഗം വിളിച്ചുചേര്‍ത്തിട്ടുള്ളത്. കെഎസ്ആര്‍ടിസിയില്‍ നടപ്പിലാക്കുന്ന ക്രൂ ചെയിഞ്ച് സംവിധാനവും ഡ്രൈവര്‍ കം കണ്ടക്ടര്‍ നിയമനവും സംബന്ധിച്ച യോഗവും പ്രസ്തുത ദിവസം രാവിലെ 10 മണിക്ക് വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എറണാകുളം പാലാരിവട്ടത്ത് കഴിഞ്ഞ ദിവസം നടന്ന ബസ് അപകടത്തിന്റെയും വിവിധ കോടതി വിധികളുടെയും പശ്ചാത്തലത്തിലാണ് യോഗം വിളിച്ചു ചേര്‍ക്കുന്നത് എന്ന് മന്ത്രി അറിയിച്ചു.
Story Highlights – Aggregator License, KSRTC Crew Change; transport minister called an emergency meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here