വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ച സിംസ് പദ്ധതിയുമായി വീണ്ടും ഡിജിപി; സഹകരണ രജിസ്ട്രാര്‍ക്ക് കത്തയച്ചു

loknath behra

വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ച സിംസ് പദ്ധതിയുമായി വീണ്ടും ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പൊലീസ് ആസ്ഥാനത്ത് സ്വകാര്യ സ്ഥാപനത്തിന് പ്രവര്‍ത്തനാനുമതി നല്‍കുന്നത് വിവാദമായിരുന്നു. സിഎജി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നിലച്ച പദ്ധതിയാണ് പൊടിതട്ടിയെടുക്കുന്നത്. ബാങ്കുകളിലും സഹകരണ സ്ഥാപനങ്ങളില്‍ സിംസ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി സര്‍ക്കുലര്‍ അയച്ചു. ഡിജിപി സഹകരണ രജിസ്ട്രാര്‍ക്ക് അയച്ച കത്തിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.

പൊലീസിലെ ക്രമക്കേടുകള്‍ തുറന്നു കാട്ടിയ സിഎജി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നിലച്ച പദ്ധതിയാണ് സിംസ്. സ്വകാര്യ സ്ഥാപനങ്ങളില്‍ സിസി ടിവി ക്യാമറകള്‍ സ്ഥാപിച്ച് പൊലീസ് ആസ്ഥാനത്തിരുന്ന് നിരീക്ഷിക്കുന്ന പദ്ധതിയായിരുന്നു ഇത്. പൊലീസിന്റെ പേരില്‍ ആരംഭിച്ച പദ്ധതിയുടെ ലാഭം കൊയ്യുന്നത് സ്വകാര്യ കമ്പനിയായ ഗ്യാലക്സോണ്‍ ആണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

Read Also : സിംസ് പദ്ധതി : ഗാലക്‌സോൺ കമ്പനി ഡയറക്‌റ്റേഴ്‌സായ രണ്ട് പേർ അയോഗ്യർ; 24 എക്‌സ്‌ക്ലൂസിവ്

അനുമതി കൂടാതെ പ്രവേശനമില്ലാത്ത പൊലീസ് ആസ്ഥാനത്ത് സ്വകാര്യ കമ്പനി കണ്‍ട്രോള്‍ റൂം തുറന്നതും വിവാദമായിരുന്നു. ഇതോടെ കമ്പനിയുടെ തെരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നതിനായി പദ്ധതി മരവിപ്പിച്ചിരുന്നു. എന്നാല്‍ ഡിജിപി തന്നെ വീണ്ടും പദ്ധതി പൊടിതട്ടിയെടുക്കുകയാണ്.

സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ബാങ്കുകളും മറ്റ് സ്ഥാപനങ്ങളും പദ്ധതിയില്‍ അംഗമാകണമെന്നാണ് ഡിജിപിയുടെ ആവശ്യം. ഇക്കാര്യമാവശ്യപ്പെട്ട് ഡിജിപി സഹകരണ രജിസ്ട്രാര്‍ക്ക് കത്ത് നല്‍കി. സഹകരണ വകുപ്പ് എല്ലാ സ്ഥാപനങ്ങളിലേക്കും നിര്‍ദേശവും നല്‍കി. പദ്ധതി നടപ്പിലായാല്‍ സ്വകാര്യ കമ്പനിയായ ഗ്യാലക്സോണിന് ലക്ഷങ്ങളുടെ വരുമാനമുണ്ടാകും.

വ്യാപകമായ അഴിമതിയുടെ ഉദാഹരണമാണ് ഡിജിപിയുടെ നീക്കമെന്നും സിംസ് പദ്ധതിയെ ശക്തമായി എതിര്‍ക്കുമെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു സ്വകാര്യ കമ്പനിക്ക് ലാഭം കൊയ്യാന്‍ ഡിജിപി ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്.

Story Highlights loknath behra, co-operative banks, sims project

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top