‌‌തെന്മലയിൽ നിയന്ത്രണം വിട്ട മിനിലോറി ഇടിച്ച് മൂന്ന് പെൺകുട്ടികൾ മരിച്ചു

കൊല്ലം തെന്മല ഉറുകുന്നിൽ റോഡപകടത്തിൽ മൂന്ന് പെൺകുട്ടികൾ മരിച്ചു. ഉറുകുന്ന് സ്വദേശികളായ ശ്രുതി, കെസിയ, ശാലിനി എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട മിനി ലോറിയാണ് അപകടമുണ്ടാക്കിയത്.

ഇന്ന് വൈകുന്നേരത്തോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. അച്ഛൻ്റെ ഉറുകുന്നിലെ കടയിലേക്ക് കാൽനടയായി പോവുകയായിരുന്നു ശാലിനിയും ശ്രുതിയും അയൽവാസിയായ കെസിയയും. പുനലൂരിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്ന മിനിലോറി നിയന്ത്രണം വിട്ട് മൂന്നുപേരെയും ഇടിച്ചുതെറിപ്പിച്ചു. തുടർന്ന് സമീപത്തെ താഴ്ചയുള്ള വയലിലേക്ക് മറിഞ്ഞു. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് മിനി ലോറിയുടെ നിയന്ത്രണം നഷ്ടമായത്.

ശ്രുതി ആശുപത്രിയിലെത്തുന്നതിനിടെയും കെസിയ പുനലൂർ താലൂക്ക് ആശുപത്രിയിൽവച്ചും മരിച്ചു. ശ്രുതിയുടെ സഹോദരി ശാലിനിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ശാലിനിയുടേയും ജീവൻ രക്ഷിക്കാനായില്ല. തെന്മല പഞ്ചായത്ത് ആറാം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയാണ് മരിച്ച ശാലിനിയുടേയും ശ്രുതിയുടേയും പിതാവ്.

Story Highlights Accident

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top