വിഷന്‍ 2050; കാസര്‍ഗോഡ് ജില്ലയുടെ സമഗ്ര വികസന കാഴ്ചപ്പാടുകളുമായി ഇടതുമുന്നണിയുടെ പ്രകടന പത്രിക

കാസര്‍ഗോഡ് ജില്ലയുടെ സമഗ്ര വികസന കാഴ്ചപ്പാടുകളുമായി ഇടതുമുന്നണിയുടെ പ്രകടന പത്രിക. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടം പിന്നിടുമ്പോഴാണ് എല്‍ഡിഎഫ് പ്രകടന പത്രികയുമായി ജനങ്ങളെ സമീപിക്കുന്നത്. 15 മേഖലകളിലായി 66 ഇന കര്‍മപദ്ധതികളാണ് പ്രകടന പത്രികയിലൂടെ ജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കുന്നത്.

സമഗ്രവികസനത്തിനും സാമൂഹ്യ മൈത്രിക്കും ഒരു വോട്ട് എന്ന മുദ്രാവാക്യവുമായാണ് ഇടതുമുന്നണി പ്രകടനപത്രിക പുറത്തിറക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ജില്ലാ പഞ്ചായത്തിന്റെ ഭരണസാരഥ്യത്തില്‍ ഇടത് മുന്നണിയുണ്ടായിരുന്നപ്പോഴത്തെ നേട്ടങ്ങളും പ്രകടന പത്രിക വിശദീകരിക്കുന്നു. കാര്‍ഷികം, മണ്ണ് – ജല സംരക്ഷണം, മൃഗസംരക്ഷണം, മാലിന്യ സംസ്‌കരണം തുടങ്ങിയ 15 മേഖലകളാക്കിയാണ് വികസന കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുന്നത്. വിഷന്‍ 2050 എന്ന പേരില്‍ സമഗ്ര വികസന പദ്ധതി തയ്യാറാക്കുമെന്നാണ് ഇടതുമുന്നണി വാഗ്ദാനങ്ങളില്‍ പ്രധാനം. കൊവിഡാനന്തര ജില്ലയുടെ അതിജീവനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.

ജനങ്ങളുടെ മുന്‍പാകെ വികസന പരിപ്രേക്ഷ്യം അവതരിപ്പിക്കുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് മുന്നണി നേതൃത്വം. മുന്നണി ബന്ധങ്ങളിലുണ്ടായ മാറ്റങ്ങള്‍ ഇത്തവണ ഗുണം ചെയ്യുമെന്നും ഇത് കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടമായ ഡിവിഷനുകള്‍ തിരികെപ്പിടിക്കുന്നതിനും ജില്ലാ പഞ്ചായത്ത് ഭരണത്തിലേക്ക് തിരിച്ചു വരുന്നതിന് വഴിയൊരുക്കുമെന്നുമാണ് നേതാക്കള്‍ അവകാശപ്പെടുന്നത്.

Story Highlights Vision 2050 – Kasaragod District

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top