ലോക് ഡൗണിൽ വനമേഖലയിൽ കാണാതായ ഇതര സംസ്ഥാന തൊഴിലാളിയുടെ അസ്ഥികൂടം കണ്ടെത്തി

കണ്ണൂർ കൂട്ടുപുഴയ്ക്കടുത്ത് പുഴയിൽ കണ്ടെത്തിയ അസ്ഥികൂടം ഒഡീഷ സ്വദേശിയായ ഇതര സംസ്ഥാന തൊഴിലാളിയുടേതെന്ന് തിരിച്ചറിഞ്ഞു. നാല് മാസം മുൻപ് കാണാതായ ഫെഡ്രിക് ബാർലയാണ് മരിച്ചത്. ലോക് ഡൗണിനിടെ കർണ്ണാടകയിൽ നിന്ന് കേരളത്തിലേക്ക് വന്ന ഇയാളെ വനമേഖലയിൽ കാണാതായിരുന്നു.

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് മുപ്പത്തിയൊൻപതുകാരനായ ഫെഡ്രിക് ബാർലെയെ മാക്കൂട്ടം വനമേഖലയിൽ കാണാതായത്. 51 അംഗ തൊഴിലാളി സംഘം ബസിൽ കർണ്ണാടകയിൽ നിന്ന് കേരളത്തിലേക്ക് വരുമ്പോഴായിരുന്നു സംഭവം. വഴിയിൽ ബസ് നിർത്തിയിരുന്നു. ഇതിന് ശേഷം ഇയാളെ കാണാതായി എന്നാണ് തൊഴിലാളികൾ കർണ്ണാടക പൊലീസിൽ പരാതി നൽകിയത്. കേരള അതിർത്തിയിൽ പരിശോധന നടത്തുന്ന പൊലീസിലും വിവരമറിയിച്ചിരുന്നു. പൊലീസും മറ്റും അന്ന് പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതിർത്തിയിലെ ബാരാപോൾ പുഴയിൽ ശക്തമായ നീരൊഴുക്കുമുണ്ടായിരുന്നു. ‌

ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണ് ഇരിട്ടി കുന്നോത്ത് എന്ന സ്ഥലത്ത് പുഴയിൽ നിന്ന് അസ്ഥികൂടം കണ്ടെത്തിയത്. പുഴയുടെ മധ്യഭാഗത്തുള്ള ചെറു ദ്വീപിലാണ് അസ്ഥികൂടം ഉണ്ടായിരുന്നത്. തൊട്ടടുത്ത് നിന്ന് ലഭിച്ച പാൻ്റിൻ്റെ പോക്കറ്റിൽ തിരിച്ചറിയൽ രേഖയുമുണ്ടായിരുന്നു. 

ഒഡീഷ സുന്ദർഘർ ജില്ല സ്വദേശിയാണ് ഫെഡ്രിക് ബാർല. ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ ഇയാളുടെ വസ്ത്രങ്ങളും മറ്റും തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി. ബന്ധുക്കൾ ഒഡീഷയിൽ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

Story Highlights Lock down, migrant worker, found dead, skeleton

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top