പാലാരിവട്ടം പാലം അഴിമതിക്കേസ്; വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റി. ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

നാല് ദിവസം കൂടി കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. അതേസമയം, തന്റെ ജാമ്യഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്നും ആശുപത്രിയില്‍ നിന്ന് കസ്റ്റഡിയിലെടുക്കുമെന്ന ആശങ്കയുണ്ടെന്നും ഇബ്രാഹിംകുഞ്ഞ് കോടതിയെ അറിയിച്ചു.

കുറ്റപത്രം സമര്‍പ്പിച്ച് ഒന്‍പത് മാസത്തിന് ശേഷമുള്ള അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും വി.കെ. ഇബ്രാഹിംകുഞ്ഞ് കോടതിയെ അറിയിച്ചിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥരുടെ ശുപാര്‍ശയുമായി വന്നതുകൊണ്ടാണ് മുന്‍കൂര്‍ തുക ആര്‍ഡിഎസ് കമ്പനിക്ക് നല്‍കിയത്. കൂടാതെ ഗുരുതര രോഗത്തിനാണ് ചികിത്സയിലുള്ളത്. മികച്ച ചികിത്സ ആവശ്യമാണെന്നും ഇബ്രാഹിംകുഞ്ഞ് ഹര്‍ജിയില്‍ പറയുന്നുണ്ട്.

പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസില്‍ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്. പാലം നിര്‍മാണ ചുമതലയുള്ള ആര്‍ഡിഎസ് കമ്പനിക്ക് ചട്ടവിരുദ്ധമായി മുന്‍കൂര്‍ പണം അനുവദിച്ചുവെന്നതാണ് മുന്‍മന്ത്രിക്കെതിരായ കുറ്റം. നിലവില്‍ കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ചികിത്സയിലാണ് ഇബ്രാഹിംകുഞ്ഞ്.

Story Highlights Palarivattom bridge corruption case; V.K. Ibrahim Kunju’s bail application will be considered on Friday

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top