ലൈഫ് മിഷൻ കേസിൽ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയിൽ

ലൈഫ് മിഷൻ കേസിൽ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയിൽ. യുഎഇ കോൺസുലേറ്റിൽ നിന്നും സർക്കാർ പദ്ധതിക്ക് വേണ്ടി സംഭാവന സ്വീകരിച്ചത് നിയമവിരുദ്ധമാണ്. കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി ഇതിനുണ്ടായിരുന്നില്ല. മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും സിബിഐ ഹർജിയിൽ വ്യക്തമാക്കി.
ഡിസംബർ 13ന് ലൈഫ് മിഷൻ കേസിലെ സ്റ്റേ കാലാവധി അവസാനിക്കാനിരിക്കെയാണ് സിബിഐ നീക്കം. ലൈഫ് മിഷനിൽ ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചത്. യുഎഇ കോൺസുലേറ്റിൽ നിന്നും സർക്കാർ പദ്ധതിക്ക് വേണ്ടി സംഭാവന സ്വീകരിച്ചത് നിയമവിരുദ്ധമാണ്. വിദേശ സംഭാവന സ്വീകരിക്കാൻ ലൈഫ് മിഷന് അനുമതിയില്ല. സംഭാവന വാങ്ങും മുൻപ് കേന്ദ്ര അനുമതി വാങ്ങിയിരുന്നില്ലെന്നും സിബിഐ ചൂണ്ടിക്കാട്ടി.
അതേസമയം, സ്വപ്നയുടെ ലോക്കറിൽ കണ്ടെത്തിയ പണം ലൈഫ് മിഷന്റെ കമ്മീഷനാണെന്ന് സംശയിക്കുന്നതായി സിബിഐ വ്യക്തമാക്കുന്നു. ശിവശങ്കർ ഉൾപ്പെടെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. സിബിഐ നിലവിൽ വകുപ്പുകൾ ചുമത്തിയത്. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും അന്വേഷണം പുരോഗമിക്കവേ ചില വകുപ്പുകൾ റദ്ദാക്കപ്പെടുകയും ചിലത് കൂട്ടിച്ചേർക്കപ്പെടുകയും ചെയ്യുമെന്നും സിബിഐ കൂട്ടിച്ചേർത്തു. നേരത്തെ
ലൈഫ് മിഷന് എതിരായ കേസിൽ എഫ്‌സിആർഎ ചട്ടം ബാധകമെന്ന് സ്ഥാപിക്കുന്നതിനു സിബിഐക്ക് സാധിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി അന്വേഷണം താൽക്കാലികമായി മരവിപ്പിച്ചത്.
Story Highlights – CBI seeks stay in Life Mission case