കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായുള്ള ചര്‍ച്ച അനിശ്ചിതത്വത്തില്‍

കാര്‍ഷിക നിയമങ്ങളില്‍ കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായുള്ള ചര്‍ച്ച അനിശ്ചിതത്വത്തില്‍. നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഭേദഗതി അടക്കം നിര്‍ദേശങ്ങള്‍ കര്‍ഷക സംഘടനകള്‍ ഇന്നലെ തള്ളിയിരുന്നു. അതേസമയം, പ്രക്ഷോഭം കടുപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചതോടെ ഡല്‍ഹിയിലും അതിര്‍ത്തി പ്രദേശങ്ങളിലും സുരക്ഷാ സന്നാഹം വര്‍ധിപ്പിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ അഞ്ചിന നിര്‍ദേശങ്ങള്‍ കര്‍ഷക സംഘടനകള്‍ തള്ളിയതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും, കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്രം ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ പോകുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുന്നു. ആറാം വട്ട ചര്‍ച്ചയുടെ തീയതിയില്‍ ധാരണയായില്ല.

അതേസമയം, ഡല്‍ഹിയിലേക്കുള്ള പ്രധാന പാതകള്‍ ഉപരോധിക്കാനുള്ള കര്‍ഷക സംഘടനകളുടെ തീരുമാനത്തെ തുടര്‍ന്ന് സുരക്ഷാ സന്നാഹം വര്‍ധിപ്പിച്ചു. ശനിയാഴ്ച ഡല്‍ഹി-ജയ്പൂര്‍ ദേശീയപാതയും, ഡല്‍ഹി-ആഗ്ര ദേശീയപാതയും ഉപരോധിക്കുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്താകമാനമുള്ള കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് എത്തണമെന്ന് കിസാന്‍ മുക്തി മോര്‍ച്ചയും ആഹ്വാനം ചെയ്തു. അതിര്‍ത്തി മേഖലകളില്‍ സുരക്ഷാ വിന്യാസം വര്‍ധിപ്പിച്ചു.

Story Highlights farmers protest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top