കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പ്; കരുനീക്കം ശക്തമാക്കി ഔദ്യോഗിക- വിമത പക്ഷങ്ങള്‍

sonia gandhi gulam nabi asad

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി കരുനീക്കം ശക്തമാക്കി ഔദ്യോഗിക- വിമത പക്ഷങ്ങള്‍. നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് കത്തെഴുതിയ 23 വിമത കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്ന് അധ്യക്ഷ പദത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്തു. അതേസമയം ഗോവയിലെ താമസം വെട്ടിച്ചുരുക്കി മടങ്ങിയെത്തിയ സോണിയാ ഗാന്ധി കമല്‍നാഥ് അടക്കമുള്ളവരുമായും കൂടിക്കാഴ്ച നടത്തി.

Read Also : കോണ്‍ഗ്രസ് ‘ഫൈവ് സ്റ്റാര്‍’ സംസ്‌കാരം ഉപേക്ഷിക്കണം: ഗുലാം നബി ആസാദ്

കോണ്‍ഗ്രസിലെ വിമതപക്ഷത്തിന് രാഷ്ട്രീയ നിരിക്ഷകര്‍ ഇപ്പോള്‍ കല്‍പിച്ചിരിക്കുന്ന പേര് ജി-23 എന്നാണ്. സോണിയാ ഗാന്ധിക്ക് ഇവര്‍ കത്ത് അയച്ചതോടെ ആയിരുന്നു പാര്‍ട്ടിയിലെ വിമത നീക്കങ്ങള്‍ മറ നീക്കിയത്. ജി-23 കഴിഞ്ഞ രണ്ട് രാത്രികളിലായി വീണ്ടും ഡല്‍ഹിയില്‍ യോഗം ചേര്‍ന്നു.

ഗുലാം നബി ആസാദ്, കപില്‍ സിബല്‍, ആനന്ദ് ശര്‍മ, മുകുള്‍ വാസ്‌നിക്, ജിതിന്‍ പ്രസാഡ, മനീഷ് തിവാരി, ശശി തരൂര്‍, ഭൂപീന്ദര്‍ സിംഗ് ഹൂണ്ട, പൃഥ്വിരാജ് ചൗഹാന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള എല്ലാവരും യോഗത്തിന് എത്തി.

പ്രധാനമായും അധ്യക്ഷ പദത്തിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് ഉണ്ടായത്. പാര്‍ട്ടിയെ ശക്തമാക്കുന്ന നേതാവിനെ അധ്യക്ഷനാക്കാന്‍ കൂട്ടായി പരിശ്രമിക്കാന്‍ വിമത പക്ഷം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായ ശേഷം വീണ്ടും ജി-23 യോഗം ചേരും. കമല്‍നാഥും സോണിയാ ഗാന്ധിയും നടത്തിയ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി അധ്യക്ഷപദത്തിലേക്ക് മത്സരിക്കുന്നതടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയായി.

Story Highlights sonia gandhi, congress, rebellion

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top