കൊവിഡ് വാക്സിൻ ലഭിച്ചവർ മദ്യം ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി അധികൃതർ

റഷ്യ വികസിപ്പിച്ച സ്പുട്നിക് v കൊവിഡ് വാക്സിൻ ലഭിച്ചവർ രണ്ട് മാസത്തേക്ക് മദ്യം ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്. റഷ്യൻ ഉപ പ്രധാനമന്ത്രിയാണ് ഇത് സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. വാക്സിൻ ശരീരത്തിൽ പ്രവർത്തിച്ച് തുടങ്ങുന്നത് വരെ മദ്യത്തിന്റെ ഉപയോഗത്തിൽ നിന്ന് അകന്ന് നിൽക്കാനാണ് നിർദേശം.
21 ദിവസത്തെ ഇടവേളകളിലായി രണ്ട് തവണയാണ് സ്പുട്നിക്ക് v കുത്തി വയ്ക്കുക. ഈ സമയത്ത് മദ്യം ഉപയോഗിക്കുന്നത് വാക്സിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഒപ്പം വാക്സിൻ ലഭിച്ചവർ മാസ്ക് ഉപയോഗം, സാനിറ്റാസർ ഉപയോഗം, ജനക്കൂട്ടങ്ങളിൽ നിന്ന് അകന്ന് നിൽക്കൽ എന്നിവ പാലിക്കണമെന്നും അധികൃതർ പറഞ്ഞു.
ലോകത്ത് ഏറ്റവും കൂടുതൽ മദ്യം ഉപയോഗിക്കുന്ന രാജ്യങ്ങളിൽ റഷ്യയുടെ സ്ഥാനം നാലാമതാണ്. ഈ പശ്ചാത്തലത്തിൽ അധികൃതരുടെ നിർദേശം ജനങ്ങളെ വിഷമിപ്പിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രി മിഖായേൽ മുരഷ്കോ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇതുവരെ ഒരു ലക്ഷത്തിലധികം ഹൈ റിസ്ക് വിഭാഗക്കാർക്ക് വാക്സിൻ നൽകി കഴിഞ്ഞു.
ഇന്ത്യയിലും സ്പുട്നിക് v പരീക്ഷണം പുരോഗമിക്കുകയാണ്. ഡോ.റെഡ്ഡീസിന് പരീക്ഷണം നത്തുവാൻ ഡിജിസിഐ അനുമതി നൽകിയതിന് പിന്നാലെ കാൺപൂരിലെ ഗണേശ് ശങ്കർ വിദ്യാർത്ഥി മെഡിക്കൽ കോളജിലാണ് ഇന്ത്യയിൽ സ്പുട്നിക് v പരീക്ഷണം പുരോഗമിക്കുന്നത്.
Story Highlights – covid vaccine recipients should avoid liquor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here