മൂന്ന് കളിയിൽ 48 റൺസ്; സഞ്ജുവിന് ഇന്ത്യൻ ടീമിൽ ഇനിയുള്ള സാധ്യതകൾ

sanju samson indian team

ആലിൻകായ് പഴുത്തപ്പോൾ കാക്കയ്ക്ക് വായിൽപുണ്ണ് എന്ന് പറഞ്ഞതുപോലെയാണ് ഇപ്പോൾ സഞ്ജുവിൻ്റെ കാര്യം. വർഷങ്ങളായി ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ വാതിലിൽ മുട്ടിക്കൊണ്ടിരുന്നപ്പോഴൊന്നും പരിഗണിച്ചില്ല. ഒരു മുഴുനീള പരമ്പര ലഭിച്ചപ്പോൾ നേരിടേണ്ടി വന്നതൊക്കെ സമ്മർദ്ദ ഘട്ടങ്ങളും. പ്രതിഭയും കഴിവും പരിഗണിക്കുമ്പോൾ ഓസ്ട്രേലിയൻ പര്യടനത്തിൽ സഞ്ജുവിൻ്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല എന്ന് തന്നെ പറയേണ്ടി വരും. എന്നാൽ, സഞ്ജു മോശമായി കളിച്ചു എന്ന് പറയാനും കഴിയില്ല.

പരമ്പരയിലെ കണക്കുകൾ എടുക്കുമ്പോൾ സഞ്ജുവിൻ്റെ നേർക്ക് വലിയ അക്കങ്ങൾ ഇല്ല. പക്ഷേ, ചില സ്പാർക്കുകൾ കണ്ടു. വിജയിച്ച രണ്ട് മത്സരങ്ങളിലും സഞ്ജുവിൻ്റെ ചെറിയ ഇന്നിംഗ്സിനും വിലയുണ്ടായിരുന്നു. ആദ്യ മത്സരത്തിൽ എടുത്ത 23 റൺസാണ് മലയാളി താരത്തിൻ്റെ ടോപ്പ് സ്കോർ. കോലിയും ധവാനും വേഗം പുറത്തായി ഒരു ഇന്നിംഗ്സ് ബിൽഡ് ചെയ്യേണ്ട ഉത്തരവാദിത്തത്തിലായിരുന്നു സഞ്ജു ആദ്യ മത്സരത്തിൽ പിച്ചിലെത്തിയത്. വിക്കറ്റ് സംരക്ഷിക്കുന്നതിനൊപ്പം റൺസും ഉയർത്തേണ്ടതുണ്ട്. ഒരുവശത്ത് രാഹുൽ ബുദ്ധിമുട്ടുകയാണ്. സ്കോറിംഗ് ചുമതല ഏറ്റെടുത്ത സഞ്ജു ഒരു സിക്സറും ബൗണ്ടറിയും ഉൾപ്പെടെ 23 റൺസെടുത്ത് ആ റോൾ നിറവേറ്റി. പുറത്തായ ഷോട്ട് പോലും കൃത്യമായ ടൈമിംഗ് ആയിരുന്നു. ടീമിനു വേണ്ടി കളിച്ചു. പക്ഷേ, അല്പം കൂടി ശ്രദ്ധിച്ച് ഒരു ലോംഗ് ഇന്നിംഗ്സിനു ശ്രമിക്കേണ്ടിയിരുന്നോ എന്ന ചോദ്യത്തിന് പതിഞ്ഞ ശബ്ദത്തിൽ അതെ എന്ന് പറയാം.

രണ്ടാമത്തെ മത്സരത്തിൽ 195 റൺസെന്ന കൂറ്റൻ വിജയലക്ഷ്യത്തിനു മുന്നിലേക്കാണ് സഞ്ജു എത്തുന്നത്. കൂറ്റൻ വിജയലക്ഷ്യവും ടൈറ്റ് ബൗളിംഗും ഒരുപോലെ വരിഞ്ഞുമുറുക്കിയപ്പോൾ 10 പന്തുകളിൽ 15 റൺസെടുത്ത് സഞ്ജു പുറത്ത്. അപ്പോഴും സിറ്റുവേഷന് അനുസരിച്ച് ബാറ്റ് വീശാൻ ശ്രമിച്ചു എന്ന് പറയണം. മൂന്നാമത്തെ മത്സരത്തിൽ കോലി പോലും പതറുകയായിരുന്നു. സ്പിന്നർമാർ ചേർന്ന് സൃഷ്ടിക്കുന്ന പ്രഷർ. അതിൽ നിന്ന് പുറത്തുകടക്കാൻ കളിച്ച ചില മികച്ച ഷോട്ടുകൾ ഫീൽഡർമാർ പറന്ന് രക്ഷിക്കുന്നു. ഏരിയൽ റൂട്ട് പരീക്ഷിച്ചപ്പോൾ പുറത്ത്.

Read Also : സഞ്ജു മികച്ച താരം; പിഴവുകൾ തിരുത്തി തിരികെവരും: ഹർഭജൻ സിംഗ്

സഞ്ജു ഗംഭീരമായി കളിച്ചു എന്നല്ല. ടീമിനു വേണ്ടി ഗംഭീരമായി കളിച്ചു എന്ന് പറയണം. കമ്മിറ്റ്മെൻ്റും ഇൻ്റൻ്റുമുള്ള ബാറ്റിംഗ്. ഒരു വലിയ സ്കോറിനു മാത്രം അകലെയാണ് സഞ്ജുവിൻ്റെ ആത്മവിശ്വാസം. ഒരേയൊരു വലിയ സ്കോർ പിറന്നാൽ സഞ്ജു പൊട്ടിത്തെറിക്കും. പ്രഷർ ഫ്രീ സിറ്റുവേഷനിൽ ഒരേയൊരു മത്സരം. 10 പന്തുകളെങ്കിലും സെറ്റാവാൻ എടുത്താലും ബാധ്യതയാവാത്ത ഒരു സിനാരിയോ ലഭിക്കുക എന്നതാണ് സഞ്ജുവിൻ്റെ ഭാവി നിർണയിക്കുക. ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് തുടങ്ങിയ താരങ്ങൾ പുറത്തിരിക്കുകയാണ്. ലഭിക്കുന്ന അവസരങ്ങൾ മുതലാക്കുക എന്നതാണ് കാര്യം.

ഒരു പരമ്പര കൂടി സഞ്ജുവിന് അവസരം നൽകിയേക്കുമെന്നാണ് തോന്നുന്നത്. ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത ടി-20 പരമ്പര. നാട്ടിലാണ്. അഞ്ച് മത്സരങ്ങളുണ്ട്. ആ പരമ്പരയിൽ സഞ്ജു കളിച്ചേക്കും. ഐപിഎലിലെ പ്രകടനവും കൂടി മുൻനിർത്തിയാവും അടുത്ത പരമ്പരകളിലേക്കുള്ള ടീമുകൾ തീരുമാനിക്കപ്പെടുക. എങ്കിലും ശ്രീലങ്കൻ ടൂറിൽ പ്രമുഖർക്ക് വിശ്രമം നൽകുമ്പോൾ സഞ്ജു കളിക്കാനിടയുണ്ട്. പ്രകടനം ഭേദപ്പെട്ടതാണെങ്കിൽ ജൂലായിൽ ഇന്ത്യ സിംബാബ്‌വേയിൽ കളിക്കുന്ന മൂന്ന് ഏകദിന പരമ്പരയിലും ചിലപ്പോൾ ഇടം ലഭിച്ചേക്കാം. പിന്നെയുള്ളത് ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാട്ടിൽ നടക്കുന്ന പരമ്പരയും പിന്നാലെ ടി-20 ലോകകപ്പും. ഈ രണ്ട് ടീമുകളിൽ ഇടം നേടണമെങ്കിൽ പ്രകടനം മെച്ചപ്പെടുത്തിയേ മതിയാവൂ.

Story Highlights sanju samson’s possibility in indian team

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top