ആരോഗ്യവകുപ്പ് എതിർത്തു; ശ്രീശാന്ത് ഭാഗമായ കെസിഎ പ്രസിഡൻഷ്യൽ കപ്പ് മാറ്റിവച്ചു

Sreesanth Presidents Cup deferred

ആരോഗ്യവകുപ്പ് എതിർത്തതിനെ തുടർന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രസിഡൻഷ്യൽ കപ്പ് ടി-20 മാറ്റിവച്ചു. ഡിസംബർ 17നാണ് ടൂർണമെൻ്റ് ആരംഭിക്കേണ്ടിയിരുന്നത്. ബിസിസിഐ വിലക്ക് മാറി തിരികെയെത്തുന്ന ശ്രീശാന്ത് 7 വർഷത്തിനു ശേഷം ആദ്യമായി കളത്തിലിറങ്ങുന്ന ടൂർണമെൻ്റ് ആണിത്.

സംസ്ഥാനത്ത് ഇപ്പോൾ കായികമത്സരങ്ങളും മറ്റും ആരംഭിക്കുന്നതിനോട് ആരോഗ്യവകുപ്പ് എതിർപ്പ് പ്രകടിപ്പിച്ചതോടെയാണ് ടൂർണമെൻ്റ് മാറ്റിവച്ചത്. ആരോഗ്യമന്ത്രി കെകെ ശൈലജയുമായി ഫോണിൽ സംസാരിച്ചു എന്നും അല്പം കൂടി കാത്തിരിക്കുന്നതാണ് ഉചിതമെന്ന് മന്ത്രി പറഞ്ഞു എന്നും കെസിഎ സെക്രട്ടറി ശ്രീജിത്ത് വി നായർ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പുകൾക്ക് ശേഷമുള്ള ഒരു മാസക്കാലത്തെ കൊവിഡ് കണക്കുകൾ നിരീക്ഷിച്ച് ടൂർണമെൻ്റിന് അനുമതി നൽകാമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അങ്ങനെയെങ്കിൽ അടുത്ത മാസമാവും ടൂർണമെൻ്റ് നടത്തുക.

Read Also : കെസിഎ പ്രസിഡന്റ്സ് കപ്പ്: ടീമുകളായി; ശ്രീശാന്ത് സച്ചിൻ ബേബിക്ക് കീഴിൽ കളിക്കും

കെസിഎ ടൈഗേഴ്സ്, കെസിഎ ടസ്കേഴ്സ്, കെസിഎ ലയൺസ്, കെസിഎ പാന്തേഴ്സ്, കെസിഎ റോയൽസ്, കെസിഎ ഈഗിൾസ് എന്നീ ടീമുകളാണ് ലീഗിൽ ഉള്ളത്. യഥാക്രമം സച്ചിൻ ബേബി, വത്സൽ ഗോവിന്ദ്, രാഹുൽ പി, അക്ഷയ് ചന്ദ്രൻ, സിജോ മോൻ ജോസഫ്, മുഹമ്മദ് അസറുദ്ദീൻ എന്നിവർ യഥാക്രമം ടീമുകളെ നയിക്കും. സച്ചിൻ ബേബിയ്ക്ക് കീഴിലാണ് ശ്രീശാന്ത് കളിക്കുക. കെസിഎയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന 84 താരങ്ങളെയാണ് 6 ടീമുകളാക്കി തിരിച്ചിരിക്കുന്നത്. ഒരു ടീമിൽ 14 പേർ വീതമാണ് ഉള്ളത്. അണ്ടർ-19 താരങ്ങളും ടീമുകളിൽ ഉണ്ട്.

പ്രമുഖ ഫാൻ്റസി ഗെയിമിങ് ആപ്പായ ഡ്രീം ഇലവനുമായി സഹകരിച്ചാണ് ലീഗ്. ആലപ്പുഴ എസ്ഡി കോളജിലെ കെസിഎ ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടത്തുക. ആലപ്പുഴയിലെ ഹോട്ടലിൽ കളിക്കാർക്ക് സൗകര്യമൊരുക്കും.

Story Highlights Sreesanth’s wait gets longer, KCA President’s Cup deferred

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top