സി എം രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനപ്രകാരമാണ് ഡിസ്ചാര്‍ജ്. സി എം രവീന്ദ്രന് ഒരാഴ്ചത്തെ വിശ്രമത്തിനും ബോര്‍ഡിന്‍റെ നിര്‍ദേശം. സി എം രവീന്ദ്രന് തുടര്‍ചികിത്സ വേണമെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍.
തലവേദന, നടുവേദന തുടങ്ങിയ കാര്യങ്ങളാണ് സി എം രവീന്ദ്രന്‍ ചൂണ്ടിക്കാണിച്ചത്. അതേസമയം സി എം രവീന്ദ്രന്റെ കത്ത് എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിക്കും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമയം നീട്ടി നല്‍കണമെന്നാണ് കത്തില്‍ പറയുന്നത്. മെഡിക്കല്‍ റിപ്പോര്‍ട്ടും ഉദ്യോഗസ്ഥര്‍ പരിശോധിക്കും. ഇതിന് ശേഷമായിരിക്കും തീരുമാനമെടുക്കുക.
Read Also : ചോദ്യം ചെയ്യലിന് ഹാജരാകല്‍; സി എം രവീന്ദ്രന്റെ കത്ത് ഇന്‍ഫോഴ്‌സ്‌മെന്റ് പരിശോധിക്കും
മൂന്നാം തവണയും ഇ ഡി യുടെ ചോദ്യം ചെയ്യലിന് സി എം രവീന്ദ്രൻ ഹാജരാകാതിരുന്നതും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആശുപത്രിയിൽ ചികിത്സ തേടിയതും വിവാദമായിരുന്നു. കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സി എം രവീന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്.
രവീന്ദ്രന്റെ കഴുത്തിലും ഡിസ്കിനും പ്രശ്നമുണ്ടെന്ന് എംആർഐ റിപ്പോർട്ടില്‍ വ്യക്തമായിരുന്നു. എന്നാൽ ശസ്ത്രക്രിയ ആവശ്യമുള്ള ഗുരുതര പ്രശ്നമില്ലെന്നാണ് മെഡിക്കൽ ബോർഡ് ഇന്നലെ വിലയിരുത്തിയത്. തുടർന്ന് ഇന്ന് ചേർന്ന മെഡിക്കൽ യോഗം ബോർഡ് സി എം രവീന്ദ്രനെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചു.
ഒരാഴ്ചത്തെ പൂർണ വിശ്രമം നിർദേശിച്ചിട്ടുണ്ട്. ഗുളികകൾ കഴിച്ചാൽ മാത്രം മതിയെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തി. രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിശോധനയ്ക്ക് വിധേയമാകണം. പോസ്റ്റ് കൊവിഡ് ക്ലിനിക്കിലും ഫിസിക്കൽ മെഡിസിനിലും വിശദമായ പരിശോധന നടത്തണമെന്നാണ് നിർദേശം.
പാർട്ടിയുടെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിക്കുന്നവരാണ് സി എം രവീന്ദ്രന്റെ ആശുപത്രിവാസത്തിൽ കുപ്രചരണം നടത്തുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പ്രതികരിച്ചു. രോഗം മാറിയാൽ സി എം രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും എ വിജയരാഘവൻ.
Story Highlights – c m raveendran, enforcement directorate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here