പാലിയേക്കര ടോള്‍ പ്ലാസ പിരിവിന് എതിരായ ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍

paliyekkara toll plaza toll increased

തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസ പിരിവിന് എതിരായ ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍. നിര്‍മാണ ചെലവിനേക്കാള്‍ കൂടുതല്‍ തുക പിരിച്ചെടുത്തുവെന്ന വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിലാണ് ഹര്‍ജി.

2012 ഫെബ്രുവരിയിലാണ് മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയില്‍ ടോള്‍ പിരിവ് ആരംഭിച്ചത്. ദേശീയപാതയുടെ നിര്‍മാണത്തിന് 721.17 കോടി ചെലവിട്ടു. ഈ വര്‍ഷം ജൂലായ് വരെ 801.60 കോടി രൂപ ലഭിച്ചുവെന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്. കരാറനുസരിച്ച് നിര്‍മാണ ചിലവ് ലഭിച്ചാല്‍ ആ ഭാഗത്തെ ടോള്‍ സംഖ്യയുടെ 40 ശതമാനം കുറക്കാന്‍ കരാര്‍ കമ്പനി ബാധ്യസ്ഥരാണ്.

Read Also : പാലിയേക്കര ടോള്‍പ്ലാസയിലെ 20 ജീവനക്കാര്‍ക്ക് കൊവിഡ്; തത്കാലികമായി അടച്ചിടണമെന്ന് ഡിഎംഒ

ഫാസ്ടാഗിലെ തകരാറ് പരിഹരിക്കാതെ ടോള്‍ പിരിക്കരുത്, കൊവിഡ് കാലത്ത് ടോള്‍പ്ലാസയില്‍ വരുത്തിയ വര്‍ധന റദ്ദാക്കണം, നിര്‍മാണ കരാര്‍ കമ്പനിക്ക് ചെലവായ സംഖ്യയും ന്യായമായ ലാഭവും കിട്ടിക്കഴിഞ്ഞാല്‍ ടോള്‍ പിരിക്കുന്ന കാലാവധി കുറക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സുപ്രിംകോടതിയെ സമീപിച്ചത്.

കെപിസിസി സെക്രട്ടറിമാരായ ഷാജി കോടങ്കണ്ടത്തും ടി ജെ സനീഷ് കുമാറുമാണ് ഹര്‍ജിക്കാര്‍. 2012 ഫെബ്രുവരി ഒമ്പതിന് തുടങ്ങിയ ടോള്‍ പിരിവ് 2028 ഫെബ്രുവരി ഒന്‍പത് വരെ തുടരാമെന്നാണ് കരാറിലെ വ്യവസ്ഥ.

Story Highlights paliyekkara toll plaza, supreme court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top