സി.എം രവീന്ദ്രനോട് ഇ.ഡി ആവശ്യപ്പെട്ടത് ഒൻപത് രേഖകൾ

ed sought 9 documents from cm raveendran

മുഖ്യമന്ത്രിയുടെ അഡീഷ്ണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനോട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം ആവശ്യപ്പെട്ടത് ഒൻപത് രേഖകൾ. രവീന്ദ്രൻ്റേയും കുടുംബത്തിൻ്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, കഴിഞ്ഞ 5 വർഷത്തെ ആദായ നികുതി രേഖകൾ,
കുടുംബത്തിൻ്റെ മുഴുവൻ സ്വത്ത് വിവരങ്ങൾ, വിദേശയാത്രക്ക് പണം മുടക്കിയവരുടെ വിവരങ്ങൾ, വിദേശ യാത്ര യുടെ വിശദാംശങ്ങൾ അഞ്ച് വർഷത്തെ ബാലൻസ് ഷീറ്റ് എന്നിവയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

സി.എം രവീന്ദ്രന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകിയിരുന്നു. നാലാം തവണയാണ് ഇ.ഡി നോട്ടിസ് നൽകുന്നത്. സി എം രവീന്ദ്രനോട് മറ്റന്നാൾ ഹാജരാകണമെന്നാണ് നോട്ടിസിൽ പറഞ്ഞിരിക്കുന്നത്.

എന്നാൽ ഇ.‍ഡി നടപടിക്കെതിരെ രവീന്ദ്രന്‍ ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചു. എന്‍ഫോഴ്സ്മെന്റ് നീക്കങ്ങള്‍ തടയണമെന്ന് ഹര്‍ജിയിൽ അപേക്ഷിച്ചു. താൻ രോഗബാധിതനാണെന്ന് രവീന്ദ്രന്‍ ഹർജിയിൽ ചൂണ്ടിക്കാട്ടി. കസ്റ്റഡിയില്‍ എടുക്കുന്നത് തടയണമെന്നും ചോദ്യം ചെയ്യല്‍ വേളയില്‍ അഭിഭാഷകനെ അനുവദിക്കണമെന്നും രവീന്ദ്രൻ അഭ്യർത്ഥിച്ചു.

കള്ളപ്പണം വെളുപ്പിക്കല്‍ നിയമ പ്രകാരമുള്ള നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യം ഉന്നയിച്ചു. ഇ.ഡി തുടര്‍ച്ചയായി നോട്ടിസ് അയച്ച് ബുദ്ധിമുട്ടിക്കുകയാണെന്നും തന്നെ ഏത് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നതെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും സി.എം രവീന്ദ്രൻ പറഞ്ഞു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത ഒരു കേസിലും താന്‍ പ്രതിയല്ലെന്നും രവീന്ദ്രന്‍ കൂട്ടിച്ചേർത്തു.

Story Highlights – ed sought 9 documents from cm raveendran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top